India

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു | saif ali khan case police detains suspect in madhya pradesh

പൊലീസ് പുറത്തുവിട്ട പ്രതിയുടെ സിസിടിവി ദൃശ്യവുമായി ഇയാൾക്ക് സാമ്യമുണ്ടെന്നും റിപ്പോർട്ട്

ഭോപാൽ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിൽനിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പ്രതി എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിക്കുന്നെന്ന വിവരം ലഭിച്ച ബാന്ദ്ര പൊലീസ് ലോക്കൽ പൊലീസുമായി സഹകരിച്ച് പ്രതിയെ ട്രെയിനിൽനിന്ന് ഇറക്കി പിടികൂടുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് പുറത്തുവിട്ട പ്രതിയുടെ സിസിടിവി ദൃശ്യവുമായി ഇയാൾക്ക് സാമ്യമുണ്ടെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്ന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ നൽകിയ മൊഴികളിലുണ്ടായ സംശയത്തെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഇതുവരെ ഇരുപതിലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. സെയ്ഫ് അലിഖാന്റെ വീട്ടിലെ ജീവനക്കാരുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി.

ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്‍റിൽ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്‍റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഇന്നലെ മാറ്റിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.