തിരുവനന്തപുരം: പല കാരണങ്ങളാല്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്രയ കേന്ദ്രമായി മാറുകയാണ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം. കുട്ടികളുണ്ടാകില്ലെന്ന് കരുതി പ്രയാസപ്പെട്ടിരുന്നവര്‍ക്ക് അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ചിരിക്കുന്നത്. ഒരു കുഞ്ഞ് ഉണ്ടാകുക എന്നത് ഏതൊരു ദമ്പതിയുടേയും സ്വപ്നം സാക്ഷാത്കരിച്ച വലിയ നേട്ടത്തിന്റെ കഥയാണ് എസ്എടിക്ക് പറയാനുള്ളത്.
ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകള്‍ വഴി അനേകം കുഞ്ഞുങ്ങളേയും സമ്മാനിച്ചു. കേരളത്തിനകത്തും പുറത്ത് നിന്നും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എത്തിയ ദമ്പതിമാരുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. ഹോര്‍മോണ്‍ ചികിത്സ, സര്‍ജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ഉപയോഗിച്ചുള്ള ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍), ഇന്‍ട്രാസൈറ്റോ പ്ലാസ്മിക് സ്‌പേം ഇന്‍ജക്ഷന്‍ (ഐസിഎസ്‌ഐ) തുടങ്ങി വന്‍കിട കോര്‍പറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ് എ ടി ആശുപത്രിയില്‍ സജ്ജമാക്കിയതത്. ആഗോളതലത്തിലേത് പോലെ 40 മുതല്‍ 50 ശതമാനം വരെ വിജയ ശതമാനം ഉയര്‍ത്താന്‍ എസ്.എ.ടി. ആശുപത്രിക്ക് സാധിച്ചുവെന്നും ആരോഗ്യ വകുപ്പ് വാര്‍ത്താ കുറിപ്പിൽ പറഞ്ഞു.
വന്ധ്യതാ ചികിത്സാ രംഗത്ത് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചികിത്സയിലൂടെ കുഞ്ഞുങ്ങള്‍ക്കായി ശ്രമിക്കുന്ന, കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുന്ന ധാരാളം ദമ്പതിമാര്‍ നമ്മുടെയിടയിലുണ്ട്. സ്വകാര്യ മേഖലയില്‍ വലിയ ചെലവുവരുന്ന ഈ ചികിത്സ സാധാരണക്കാര്‍ക്കും പ്രാപ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനായി അത്യാധുനിക സംവിധാനങ്ങളാണ് വന്ധ്യതാ ചികിത്സാ ക്ലിനിക്കുകളില്‍ സ്ഥാപിച്ച് വരുന്നത്. പുതിയ തസ്തികകളും സൃഷ്ടിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗവും കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ യൂണിറ്റുകളും പ്രവര്‍ത്തിച്ചു വരുന്നു.
ഇത് കൂടാതെ ആരോഗ്യ വകുപ്പിന് കീഴിലെ പ്രധാനപ്പെട്ട മാതൃ ശിശു ആശുപത്രികളിലും ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റീപ്രൊഡക്ടീവ് മെഡിസിനില്‍ കോഴ്‌സും നടക്കുന്നുണ്ട്. ഇതിലൂടെ ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാന്‍ സാധിക്കുന്നു. വിജയകരമായ മാതൃക തീര്‍ത്ത എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിനിലെ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. ഇന്ത്യയില്‍ സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള ആദ്യത്തെ ഐ.വി.എഫ്. സംരംഭമാണ് എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം.
2012ലാണ് ഈ കേന്ദ്രം ആരംഭിച്ചത്. ഹിസ്റ്ററോസ്‌കോപ്പി, ഇന്‍ക്യുബേറ്റര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സജ്ജമാക്കി. 5 ഡോക്ടര്‍മാരുടെ തസ്തികകള്‍ കൂടി സൃഷ്ടിച്ചു. ഐവിഎഫ് തീയറ്ററും, ലാപ്രോസ്‌കോപ്പി തീയറ്ററും പരിശോധനകള്‍ക്കായി ഐവിഎഫ് ലാബും ആന്‍ഡ്രോളജി ലാബും നിലവിലുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ബീജം, ഭ്രൂണം എന്നിവ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയുന്ന ശീതീകരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ കാന്‍സറോ മറ്റ് രോഗങ്ങളോ ബാധിച്ചവര്‍ക്ക് അണ്ഡം സൂക്ഷിച്ച് വയ്ക്കാനുള്ള ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ പ്രോഗാം അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെയാണ് ഒപി സേവനമുള്ളത്. ദമ്പതികള്‍ ഒരുമിച്ചാണ് ചികിത്സയ്ക്കായി എത്തേണ്ടത്. കൗണ്‍സിലിംഗ് ഉള്‍പ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടത്തെ ചികിത്സ. എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ കൂടുതല്‍ ദമ്പതിമാര്‍ക്ക് ആശ്വാസമേകാന്‍ സാധിക്കും.
content highlight : government-hospital-that-fulfilled-the-couple-s-dream-of-having-a-baby-proud-achievement-for-sat