Environment

അഞ്ച് മണിക്കൂറിനിടെ 130 ഭൂചലനം; ആശങ്കയായി ബൗര്‍ദാര്‍ബുങ്ക അഗ്നിപർവതം | 130-earthquakes-within-5-hours-as-experts-closely-monitoring-for-eruption-risks-at-baroarbunga-volcano

17 ഭൂകമ്പങ്ങള്‍ 3 മാഗ്നിറ്റ്യൂഡിന് മുകളിലായിരുന്നു

ഐസ്‌ലന്‍ഡിലെ ഏറ്റവും വലിയ അഗ്നിപര്‍വതങ്ങളിലൊന്നായ ബൗര്‍ദാര്‍ബുങ്ക പൊട്ടിത്തെറിക്കുമോ എന്ന ഭീതിയില്‍ ശാസ്ത്രജ്ഞര്‍. ജനുവരി 14ന് അഞ്ച് മണിക്കൂറിനിടെ 130 ഭൂചലനങ്ങള്‍ ബൗര്‍ദാര്‍ബുങ്ക അഗ്നിപര്‍വതത്തിലും പരിസരങ്ങളിലും രേഖപ്പെടുത്തിയതോടെയാണ് ആശങ്കകള്‍ ഉയരുന്നത്. ഇതില്‍ 5.1 മാഗ്നിറ്റ്യൂഡിലുള്ള ചലനവുമുണ്ടായിരുന്നു. ഐസ്‌ലന്‍ഡിലെ ബൗര്‍ദാര്‍ബുങ്ക അഗ്നിപര്‍വതത്തിന് ചുറ്റും ഭൂകമ്പങ്ങള്‍ അപ്രതീക്ഷിതമായി കൂടിയിരിക്കുകയാണ്. ജനുവരി 14ന് അഞ്ച് മണിക്കൂറിനിടെ 130 ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ റിക്ടര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂകമ്പവുമുണ്ടായിരുന്നു. 17 ഭൂകമ്പങ്ങള്‍ 3 മാഗ്നിറ്റ്യൂഡിന് മുകളിലായിരുന്നു.

ഐസ്‌ലന്‍ഡിലെ ഏറ്റവും വലിയ അഗ്നിപര്‍വത മേഖലകളിലൊന്നാണ് ബൗര്‍ദാര്‍ബുങ്ക. ഏറെ അതിശക്തമായ ഭൂചലനങ്ങള്‍ നടന്ന ചരിത്രമുള്ളയിടം കൂടിയാണിത്. 2014-15 കാലത്ത് ബൗര്‍ദാര്‍ബുങ്കയിലുള്ള അഗ്നിപര്‍വത സ്ഫോടനം ഐസ്‌ലന്‍ഡിന്‍റെ 300 വര്‍ഷ ചരിത്രത്തിലെ ഏറ്റവും ശക്തമായ ദുരന്തമായിരുന്നു. വലിയ ലാവാ പ്രവാഹത്തിന് പുറമെ അന്തരീക്ഷത്തിലേക്ക് സള്‍ഫര്‍ ഡയക്സൈഡ് വാതകം വലിയ അളവില്‍ അന്നത്തെ പൊട്ടിത്തെറി പുറംതള്ളുകയും ചെയ്തു. 190 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന ബൗര്‍ദാര്‍ബുങ്കയുടെ ഭൂരിഭാഗവും ഐസ് മൂടിക്കിടക്കുന്ന ഇടമാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബൗര്‍ദാര്‍ബുങ്കയില്‍ ഭൂചലനങ്ങള്‍ വര്‍ധിക്കുന്നതിന് ശാസ്ത്രജ്ഞര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ സമീപ ദിവസങ്ങളില്‍ ഭൂചലനങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നത് ആശങ്ക കൂട്ടി.

ഭൂകമ്പങ്ങൾ പ്രദേശത്തെ മാഗ്മ ചലനത്തെ സൂചിപ്പിക്കുന്നുണ്ടോ അല്ലെങ്കിൽ ടെക്റ്റോണിക് ഷിഫ്റ്റുകളെ സൂചിപ്പിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിലാണ് ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഹിമാനിയില്‍ പുതഞ്ഞുകിടക്കുന്ന ബൗര്‍ദാര്‍ബുങ്കയില്‍ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുക ശാസ്ത്രജ്ഞര്‍ക്ക് സങ്കീര്‍ണമാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 2000 മീറ്റര്‍ ഉയരവുമായി ഐസ്‌ലന്‍ഡിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പര്‍വതമേഖല കൂടിയാണ് ബൗര്‍ദാര്‍ബുങ്ക. 2014 ഓഗസ്റ്റിലാണ് ഇതിന് മുമ്പ് ബൗര്‍ദാര്‍ബുങ്ക അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്.

STORY HIGHLIGHTS:  130-earthquakes-within-5-hours-as-experts-closely-monitoring-for-eruption-risks-at-baroarbunga-volcano