റിയാദ്: എൽഇഡി ലൈറ്റുകളുടെ മറവിൽ സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 30 ലക്ഷം ലഹരി ഗുളികകൾ പിടികൂടി. സൗദി, യു.എ.ഇ അതിർത്തിയായ അൽ ബത്ഹയിലെ ചെക്ക്പോസ്റ്റിൽ വെച്ച് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ശ്രമം പരാജയപ്പെടുത്തിയത്.
രാജ്യത്തേക്ക് വരുന്ന ഒരു ചരക്കിൽ ഒളിപ്പിച്ച നിലയിലാണ് ഇത് കണ്ടെത്തിയത്. എൽഇഡി ലൈറ്റിങ് ഉൽപ്പന്നങ്ങളുടെ കണ്ടെയ്നറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സുരക്ഷാ സാങ്കേതിക വിദ്യകളിലൂടെ നടത്തിയ പരിശോധനയിലാണ് ലൈറ്റുകളുടെയും മറ്റും ഉള്ളിലൊളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തിയതെന്ന് അതോറിറ്റി അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിെൻറ സഹായത്തോടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
സൗദിയുടെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമാണിത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായുള്ള തുടർച്ചയായ സഹകരണത്തിലും ഏകോപനത്തിലുമാണ് ഇതെന്നും അതോറിറ്റി സൂചിപ്പിച്ചു.
content highlight : 30-lakh-narcotic-pills-hidden-inside-led-lighting-products-seized-in-saudi