കൊച്ചി: സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലത്ത് തന്നെ എറണാകുളത്തെ കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുന്നതിൽ വിമർശനവുമായി ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. അടുത്ത 50 കൊല്ലം മുൻനിർത്തി ചിന്തിക്കുമ്പോൾ ഈ ബസ്സ്റ്റാൻഡ് ഇരിക്കുന്ന പ്രദേശം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നടത്തുന്ന നിക്ഷേപങ്ങൾ ധനനഷ്ടം ആണെന്നു മാത്രമല്ല, സമൂഹത്തിന് തെറ്റായ സന്ദേശം കൂടിയാണ് നൽകുന്നതെന്നാണ് വിമർശനം.
ബസ് സ്റ്റാൻഡ് അവിടെ നിന്നും മാറ്റി കെട്ടിടം നിൽക്കുന്നിടം പൊളിച്ച് ആ പ്രദേശം ഒരു തടാകമാക്കി എറണാകുളത്തെ വെള്ളക്കെട്ട് കുറയ്ക്കാനുള്ള സ്പോഞ്ച് ആക്കണം എന്നാണ് തന്‍റെ അഭിപ്രായമെന്നും മുരളി തുമ്മാരുകുടി കുറിച്ചു. താൻ ഈ പറയുന്നത് നടക്കും എന്നുകരുതി പറയുന്നതല്ലെന്നും പറയേണ്ട സമയത്ത് പറഞ്ഞില്ല എന്ന കുറ്റബോധം ഒഴിവാക്കാൻ വേണ്ടി പറയുന്നതാണെന്നും അദ്ദേഹം കുറിച്ചു. കൊച്ചിയുൾപ്പെടെ കേരളത്തിൽ എവിടെയും ഇനി നടത്തുന്ന പദ്ധതികൾ കാലാവസ്ഥ വ്യതിയാനത്തിന്റെ ലെൻസിലൂടെയും കൂടി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ആധുനിക വൽക്കരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം ഉടനെ പൊളിക്കാൻ കഴിഞ്ഞ ദിവസത്തെ ഉന്നതതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. ടെണ്ടർ നടപടികൾ പൂർത്തിയാക്കി പൊളിക്കൽ ആരംഭിക്കും. കെഎസ്ആർടിസിയുടെ ഭൂമിയും വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും പരസ്പരം വച്ചുമാറാനുള്ള ആലോചന ഉപേക്ഷിച്ചു. ഇതനുസരിച്ച് ധാരണാപത്രത്തിലും മാറ്റം വരുത്തും.
തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി രാജീവ്, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാരിക്കാമുറിയിലെ ഭൂമിയിൽ 2.9 ഏക്കറാണ് പുതിയ ടെർമിനലിന്റെ നിർമ്മാണത്തിനായി കെ എസ് ആർ ടി സി നൽകുക. കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്ന വിധം വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിലുള്ള കെട്ടിടം നിർമിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) 12 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
content highlight : that-area-should-be-turned-into-a-lake-and-used-as-a-sponge-to-reduce-waterlogging-criticism-against-new-ksrtc-stand-construction-in-kochi