മുംബൈ∙ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന മറ്റൊരാളെക്കൂടി പൊലീസ് പിടികൂടി. ഛത്തീസ്ഗഡിൽ നിന്നാണ് ആകാശ് കൈലാസ് കന്നോജിയ എന്നയാളെ പിടികൂടിയത്. ഇതോടെ പ്രതിയെന്ന് സംശയിച്ച് പൊലീസ് പിടികൂടിയവരുടെ എണ്ണം രണ്ടായി. നേരത്തെ ഒരാളെ മധ്യപ്രദേശിൽനിന്നു പിടികൂടിയിരുന്നു.
മുംബൈ-ഹൗറ ജ്ഞാനേശ്വരി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ആകാശിനെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) പിടികൂടിയത്. മുംബൈ പൊലീസിന്റെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി പൊലീസ് അറിയിച്ചു. വിഡിയോ കോളിലൂടെ മുംബൈ പൊലീസും ചോദ്യം ചെയ്യുന്നുണ്ട്. മുംബൈയിൽനിന്ന് പൊലീസ് സംഘം ദർഗിലേക്ക് പുറപ്പെട്ടു. ആദ്യം താൻ നാഗ്പുരിലേക്ക് പോകുകയാണെന്നു പറഞ്ഞ പ്രതി, പിന്നീട് ചോദ്യം ചെയ്തപ്പോൾ ബിലാസ്പുരിലെക്ക് പോകുകയാണെന്ന് മൊഴി മാറ്റിയെന്നും ആർപിഎഫ് പറഞ്ഞു.
മധ്യപ്രദേശിൽവച്ച് പിടികൂടിയ ആളുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതി എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിക്കുന്നെന്ന വിവരം ലഭിച്ച ബാന്ദ്ര പൊലീസ് ലോക്കൽ പൊലീസുമായി സഹകരിച്ച് പ്രതിയെ ട്രെയിനിൽനിന്ന് ഇറക്കി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. കേസിൽ ഇതുവരെ ഇരുപതിലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. സെയ്ഫ് അലിഖാന്റെ വീട്ടിലെ ജീവനക്കാരുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി.
ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്‍റിൽ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്‍റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഇന്നലെ മാറ്റിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
content highlight : one-more-person-arrested-saif-ali-khan-attack-case