ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന്റെ ചുമതലയുള്ള ഡോക്ടർ അവധിയെടുത്താൽ മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലോ കോട്ടയം മെഡിക്കൽ കോളേജിലോ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്താനുള്ള സഹായം പോലീസ് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഇടുക്കി ഡി എം ഒ-യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പെരുവന്താനം, കൊക്കയാർ ഗ്രാമപഞ്ചായത്തുകളിലെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ പീരുമേട് താലൂക്ക് ആശുപത്രിയിൽ സൗകര്യമുണ്ടെന്നും പെരുവന്താനത്ത് നിന്നും 15 കിലോമീറ്റർ യാത്ര ചെയ്താൽ പീരുമേട് താലൂക്ക് ആശുപത്രിയിലെത്താമെന്നും റിപ്പോർട്ടിൽ പറയുന്നു. താൻ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയുടെ തുടർനടപടിയായാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം സൗകര്യം നിലവിൽ വന്നതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർ അവധിയിൽ പോയാൽ അക്കാര്യം ആശുപത്രി സൂപ്രണ്ടിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ഡോക്ടറുടെ അവധി അറിയിപ്പ് ലഭിച്ചാൽ ആശുപത്രി സൂപ്രണ്ട് വിവരം ഇടുക്കി ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം. ഈ ദിവസങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താൻ പകരം സംവിധാനം ഏർപ്പെടുത്താൻ പീരുമേട് ഡി.വൈ.എസ്.പിയ്ക്ക് ഇടുക്കി ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
content highlight : post-mortem-doctor-is-on-leave-police-should-arrange-a-replacement-system-human-rights-commission-issued-a-directive-sqal8t