ശ്രീനഗർ∙ ജമ്മുകശ്മീരിലെ രജൗരിയിൽ ‘അജ്ഞാത രോഗം’ ബാധിച്ച് 15 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സമിതിയെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രജൗരി ജില്ലയിലെ ബാദൽ ഗ്രാമത്തിൽ ആറാഴ്ചയ്ക്കിടെയാണ് 15 പേർ മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സമിതിയെ നയിക്കുന്നത്. ഇതു കൂടാതെ കൃഷി, കെമിക്കൽസ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറൻസിക് വിദഗ്ധരും സംഘത്തിലുണ്ട്.
കടുത്ത പനി, തലചുറ്റൽ, ബോധക്ഷയം എന്നിവയുണ്ടെന്നാണ് ആശുപത്രിയിലെത്തുന്ന രോഗികൾ പറയുന്നത്. ആശുപത്രിയിലെത്തിയാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവർ മരിക്കുകയും ചെയ്യുന്നു. നിലവിൽ അസുഖബാധിതയായ 15കാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 2024 ഡിസംബറിൽ ഒരു കുടുംബത്തിലെ 7 പേർ അസുഖബാധിതരായതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ 5 പേർ മരിക്കുകയും ചെയ്തു.
ഡിസംബർ 12ന് മറ്റൊരു കുടുംബത്തിലെ 9 പേർക്കും അസുഖം ബാധിച്ചു. ഇതിൽ 3 പേർ മരിച്ചു. ഒരു മാസത്തിനുശേഷം 10 പേർക്ക് അസുഖം ബാധിച്ചതിൽ 5 കുട്ടികൾ മരിച്ചു. ഇവർ സമൂഹ അന്നദാനത്തിൽ പങ്കെടുത്തതായി കരുതുന്നുണ്ട്. 1.5 കിലോമീറ്ററിനുള്ളിലാണ് മരണങ്ങളുണ്ടായ 3 വീടുകളും.
പകർച്ചവ്യാധിയോ മറ്റ് ബാക്ടീരിയ, ഫംഗസ് ബാധയോ അല്ല മരണകാരണമെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കശ്മീർ സർക്കാർ അറിയിച്ചു.
content highlight : home-ministry-forms-team-to-investigate-deaths-due-to-mysterious-illness-in-jandk-rajouri