കോഴിക്കോട്∙ സാധാരണക്കാരായ മനുഷ്യരുടെ കൂടെ നിൽക്കുക എന്നതാണ് പൊതുപ്രവർത്തനമെന്നാണ് വിശ്വസിക്കുന്നതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 250 പുസ്തകങ്ങൾ രചിച്ച ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ എഴുത്തിന്റെ 50-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘താൻ ഗോവയിൽ ജനിച്ച് കേരളത്തിലെ ഗവർണറായി. പി.എസ്.ശ്രീധരൻ പിള്ള കേരളത്തിൽ ജനിച്ച് ഗോവയിലെ ഗവർണറായി. ഞങ്ങൾ രണ്ടുപേരും ഒരേ മനസ്സോടെയാണ് പ്രവർത്തിക്കുന്നത്’’– ഗവർണർ പറഞ്ഞു. നല്ല മനുഷ്യനാകുക എന്നതാണ് പ്രധാന കാര്യമെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞു. ബന്ധങ്ങൾ കാത്തുസൂക്ഷിക്കണം. കേരളത്തിന്റെ ഇപ്പോഴത്തെ പോക്ക് എങ്ങോട്ടാണെന്ന് ചിന്തിക്കണം. ഗവർണറും മുഖ്യമന്ത്രിയുമൊന്നുമല്ല, സാധാരണ ജനങ്ങളാണ് വലുതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ശ്രീധരൻപിള്ളയുടെ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾ വിലയിരുത്തി 60 പ്രമുഖർ എഴുതിയ ലേഖനങ്ങൾ സമാഹരിച്ച് തയാറാക്കിയ സുവനീറിന്റെ പ്രകാശനവും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്. സംഘാടകസമിതി ചെയർമാൻ എം.പി.അഹമ്മദ് അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. ബസേലിയോസ് മാർ തോമ മാത്യൂ ത്രിതീയൻ കാതോലിക്ക ബാവ, എം.കെ.രാഘവൻ എംപി, സ്വാമി ചിദാന്ദപുരി, പി.വി.ചന്ദ്രൻ, പി.കെ.കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.
ശ്രീധരൻ പിള്ള രചിച്ച വൃക്ഷ ആയുർ വേദ, ആൾറ്റിറ്റ്യൂൾസ് ഓഫ് ദി ആൾമൈറ്റി എന്നീ 2 പുസ്തകങ്ങളുടെ പ്രകാശനവും സാഹിത്യ- സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ശ്രീധരൻപിള്ളയുടെ സാഹിത്യ വിശകലനവും വിലയിരുത്തലും സംബന്ധിച്ച സെമിനാറിന്റെ ഉദ്ഘാടനവും മേയർ ബീന ഫിലിപ് നിർവഹിച്ചു.
പ്രവാസികൾക്കായി ക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക, സാഹിത്യ സാംസ്കാരിക മേഖലയിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ആദരവും സാഹിത്യ കൂട്ടായ്മയും സംഘടിപ്പിച്ചത്.
content highlight : rajendra-vishwanath-arlekar-inaugurated-50th-anniversary-of-writing-of-goa-governor-ps-sreedharanpilla