World

റഷ്യൻ കൂലിപട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്: റഷ്യൻ പൗരത്വമുള്ള മുഖ്യ ഏജന്‍റ് അടക്കം മൂന്ന് പേർ അറസ്റ്റിൽ | human trafficking to russia

ചുരുങ്ങിയത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മൂന്നു പേർക്കെതിരെയും ചുമത്തിയിരിക്കുന്നത്.

തൃശൂർ: റഷ്യയിൽ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് ഏജന്‍റുമാർ അറസ്റ്റിൽ. വടക്കാഞ്ചേരി പൊലീസ് ആണ് മൂന്ന് ഏജന്മാരെ അറസ്റ്റ് ചെയ്തത്. റഷ്യൻ പൗരത്വമുള്ള സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്‍റണി, തൃശൂർ തയ്യൂർ സ്വദേശി സിബി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എമിഗ്രേഷൻ ആക്ട്, മനുഷ്യക്കടത്ത്, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

കൊല്ലപ്പെട്ട ബിനിലിന്‍റെ ഭാര്യ ജോയ്സിയുടെയും പരിക്കേറ്റ ജെയിന്റെ പിതാവ് കുര്യന്‍റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരെയും വിളിച്ചുവരുത്തി ചോദ്യംചെയ്തതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും. ചുരുങ്ങിയത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മൂന്നു പേർക്കെതിരെയും ചുമത്തിയിരിക്കുന്നത്.

ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളികളായ ജെയിൻ, ബിനിൽ എന്നിവരടക്കം ആറ് പേരെ റഷ്യയില്‍ എത്തിച്ചത്. എന്നാല്‍ ഇവർ കൂലിപ്പട്ടാളത്തിന്റെ കൂട്ടത്തില്‍ പെടുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശി സന്ദീപ് യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് ദിവസം മുമ്പ് ബിനിലും കൊല്ലപ്പെട്ടു.

യുക്രൈനെതിരെയുള്ള യുദ്ധമുഖത്ത് നിന്നും വെടിയേറ്റാണ് ബിനില്‍ മരിച്ചതെന്ന് എംബസിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം റഷ്യന്‍ കൂലി പട്ടാളത്തില്‍ ബിനിലിന്റെ കൂടെ അകപ്പെട്ട തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന് യുക്രൈൻ യുദ്ധമുഖത്ത് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റു. ജെയിൻ യുക്രൈനിൽ നിന്നും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ആശുപത്രിയിലെത്തിയതായാണ് വിവരം.

 

content highlight : human-trafficking-to-russia-three-people-arrested-including-the-main-agent-who-is-a-russian-citizen