Ernakulam

സീവർത്ത്‌നസ് അല്ലാത്ത സ്പീഡ് ബോട്ട് ഉപയോഗിച്ച് കടലില്‍ ഉല്ലാസയാത്ര; സ്പീഡ് ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്തു | speed-boat

പരിശോധനയില്‍ ഇതിന് വേണ്ടത്ര രേഖകള്‍ പോലും ഇല്ലെന്നും കണ്ടെത്തി

മുനമ്പം: കടലില്‍ ഉല്ലാസയാത്ര നടത്തിയ സ്പീഡ് ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്ത് കൊടുങ്ങല്ലൂര്‍ പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറി. മുനമ്പത്ത് നിന്ന് കടലില്‍ ഉല്ലാസയാത്ര നടത്തിയ എറണാകുളം ജില്ലയില്‍ ചേന്ദമംഗലം കരിപ്പായി കടവ് സ്വദേശി നിലവ് വീട്ടില്‍ മേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മനാമി എന്ന പേരുള്ള സ്പീഡ് ബോട്ട് യാതൊരു വിധ അനുമതിപത്രമോ രേഖകളോ ഇല്ലാതെയാണ് കടലിലൂടെ സഞ്ചരിച്ചത്.

രാജ്യസുരക്ഷയ്ക്കും, മനുഷ്യ ജീവനും ഭീഷണിയാകും വിധം സീ വര്‍ത്ത്‌നസ്സ് അല്ലാത്ത അഥവാ കടലിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തമല്ലാത്ത ഉള്‍നാടന്‍ ജലാശയങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്ന സ്പീഡ് ബോട്ടായിരുന്നു അത്. പരിശോധനയില്‍ ഇതിന് വേണ്ടത്ര രേഖകള്‍ പോലും ഇല്ലെന്നും കണ്ടെത്തി. കടലിലൂടെ മനുഷ്യജീവന് ഭീഷണിയാകും വിധം സഞ്ചരിച്ച ഉല്ലാസ ബോട്ട് മത്സ്യബന്ധന യാനമല്ലാത്തതിനാല്‍ കൊടുങ്ങല്ലൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ബോട്ട് പരിശോധിച്ച് പിഴ ഇടാക്കും. ഓപ്പറേഷന്‍ സജാഗിന്റെ ഭാഗമായി സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് സ്പീഡ്‌ബോട്ട് പിടിച്ചെടുത്തത്.

സംഘത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലന്‍സ് വിങ്ങിലെ ഉദ്യോഗസ്ഥരായ വി.എന്‍ പ്രശാന്ത് കുമാര്‍, വി.എം ഷൈബു, ഇ.ആര്‍ ഷിനില്‍കുമാര്‍, സീ റെസ്‌ക്യൂ ഗാര്‍ഡ്മാരായ ഷെഫീക്ക്, സിജീഷ്, ബോട്ട് സ്രാങ്ക് സന്തോഷ് മുനമ്പം, എഞ്ചിന്‍ഡ്രൈവര്‍ റോക്കി എന്നിവര്‍ ഉണ്ടായിരുന്നു. വരുംദിവസങ്ങളില്‍ പരിശോധ ശക്തമാക്കുമെന്നും ആധാര്‍ അടക്കമുള്ള രേഖകള്‍ പരിശോധിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആബ്ദുള്‍മജീദ് പോത്തന്നൂരാന്‍ അറിയിച്ചു.

 

content highlight : speed-boat-in-the-strong-wave-patrol-team-arrived-quickly-caught-boat-other-than-seaworthness