World

ഇറാനിൽ സുപ്രീംകോടതിയിലെ രണ്ട് ജഡ്ജിമാർ കൊല്ലപ്പെട്ടു; വെടിയുതിർത്ത അക്രമി ജീവനൊടുക്കി | two Iran supreme court judges killed

കൊലപാതകം നടത്തിയ ശേഷം ആയുധധാരി സ്വയം വെടിയുതിർത്ത് മരിച്ചെന്നും ജുഡീഷ്യറിയുടെ മീഡിയ സെന്‍റർ അറിയിച്ചു.

ടെഹ്റാൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിലെ സുപ്രീം കോടതിയിലുണ്ടായ വെടിവെപ്പിൽ രണ്ട് ജഡ്ജിമാർ കൊല്ലപ്പെട്ടു. അലി റസിനിയും മുഹമ്മദ് മൊഗിസെയുമാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം ആയുധധാരി സ്വയം വെടിയുതിർത്ത് മരിച്ചെന്നും ജുഡീഷ്യറിയുടെ മീഡിയ സെന്‍റർ അറിയിച്ചു.

രണ്ട് ജഡ്ജിമാരുടെ മുറിയിലേക്ക് കൈത്തോക്കുമായെത്തിയ അജ്ഞാതനാണ് വെടിവെച്ചതായി ജുഡീഷ്യറി വക്താവ് അസ്ഗർ ജഹാംഗീർ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. അക്രമി ജീവനൊടുക്കിയെന്നും അദ്ദേഹം പറഞ്ഞു. ആക്രമണകാരി ആരാണെന്നോ ഇയാളുടെ ഉദ്ദേശ്യമോ വ്യക്തമല്ല.

പ്രാഥമിക വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത് കുറ്റവാളിക്ക് സുപ്രീം കോടതിയിൽ കേസുകളൊന്നും ഉണ്ടായിരുന്നില്ല എന്നാണെന്ന് ജുഡീഷ്യറിയുടെ മീഡിയ സെന്‍റർ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ ജഡ്ജിമാരിൽ ഒരാളുടെ അംഗരക്ഷകനും പരിക്കേറ്റതായി സർക്കാർ ഉടമസ്ഥതയിലുള്ള ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട ജഡ്ജിമാർ ദേശീയ സുരക്ഷ, ചാരവൃത്തി, ഭീകരവാദം  എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ സജീവമായി ഇടപെട്ടിരുന്നുവെന്ന് ജുഡീഷ്യറിയുടെ മീഡിയ സെന്‍റർ പ്രസ്താവനയിൽ പറയുന്നു. കൊല്ലപ്പെട്ട ജഡ്ജിമാർ  ധീരരും അനുഭവ പരിചയവുമുള്ളവരുമാണെന്ന് പ്രസ്താവനയിൽ പറയുന്നു.

 

content highlight : two-iran-supreme-court-judges-killed-in-tehran-shooting-attack-assailant-kills-himself