Kerala

ഒയാസിസ് ഡൽഹി മദ്യനയക്കേസിലെ വിവാദകമ്പനി; പഞ്ചാബിലുൾപ്പെടെ കമ്പനിക്കെതിരെ കേസ്

പാലക്കാട്: എലപ്പുള്ളിയിൽ ബ്രൂവറിക്കു സർക്കാർ അനുമതി നൽകിയ ഒയാസിസ് കമേഴ്സ്യൽ കമ്പനി ഡൽഹിയിലെ മദ്യനയ അഴിമതിക്കേസിൽ വിവാദത്തിലായതാണ്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവർ ജയിലിലായ കേസിൽ ഉൾപ്പെട്ട ഗൗതം മൽഹോത്രയാണ് ഒയാസിസിന്റെ ഡയറക്ടർമാരിലൊരാൾ. കേസിൽ മൽഹോത്ര ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.

മൽഹോത്ര സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പല സമൻസുകളിലും ഹാജരാകാൻ കൂട്ടാക്കിയില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. പരിസ്ഥിതിമലിനീകരണത്തിന് പഞ്ചാബിലുൾപ്പെടെ കമ്പനിക്കെതിരെ കേസുണ്ട്. എന്നാൽ, ബ്രൂവറിക്ക് അനുമതി നൽകി കേരള സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ കമ്പനിയെ പുകഴ്ത്തിയിരിക്കുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 20 വർഷമായി വിജയകരമായി പ്രവർത്തിച്ചതിന്റെ പാരമ്പര്യം, സാങ്കേതികപ്രാവീണ്യം എന്നിവകൊണ്ടാണു കമ്പനിയെ തിരഞ്ഞെടുത്തതെന്ന് ഉത്തരവിലുണ്ട്.