Kerala

കൂത്താട്ടുകുളത്ത് ഇടതുകൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്; കൂടുതൽ നടപടിക്കൊരുങ്ങി പൊലീസ്; സ്ത്രീത്വത്തെ അപമാനിച്ച കുറ്റമടക്കം ചുമത്തും

എറണാകുളം: കൂത്താട്ടുകുളത്ത് ഇടത് കൗൺസിലറെ സിപിഎം പ്രവർത്തകർ കടത്തിക്കൊണ്ടുപോയതില്‍ കൂടുതൽ നടപടിക്കൊരുങ്ങി പൊലീസ്. കൗൺസിലർ കലാ രാജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കലുൾപ്പെടെയുളള കൂടുതൽ വകുപ്പ് ചുമത്താനാണ് പൊലീസ് തീരുമാനം. അന്യായമായി സംഘം ചേർന്ന് പ്രകോപനമുണ്ടാക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നിലവില്‍ 45 പേർക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് കൂറുമാറുമെന്ന് കരുതി സിപിഎം കൗൺസിലറെ തട്ടിക്കൊണ്ടുപോയത്. അതേസമയം കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാരോപിച്ചുള്ള പരാതിയിലും പൊലീസ് കേസ്സെടുക്കും. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അതിക്രമം കാണിച്ചവരെ കണ്ടെത്താനുളള നടപടിക്കും തുടക്കമിടും. പ്രതിപ്പട്ടികയിലുളളവരെ മുഴുവൻ തിരിച്ചറിഞ്ഞ ശേഷം തുടർനടപടിയെടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.