India

നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യഥാർഥ പ്രതി പിടിയിലെന്ന് പൊലീസ്. പ്രതിയെ താനെയിൽ വെച്ച് പിടികൂടിയതായി മുംബൈ പൊലീസ് അറിയിച്ചു. വിജയ് ദാസ് എന്നാണ് ഇയാളുടെ പേരെന്നും ലേബർ ക്യാമ്പിൽ നിന്നാണ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. താനെയിലെ ബാറിൽ ഹൗസ് കീപ്പിങ് സ്റ്റാഫായി ജോലി ചെയ്തുവരികയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിന്റെ കൂടുതൽ അന്വേഷണത്തിനായി ദാസിനെ മുംബൈ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

ഖാനെ ആക്രമിച്ച ശേഷം പ്രതി ഓടിപ്പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭ്യമായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് അന്വേഷണ സംഘം മാധ്യമങ്ങളെ കാണും. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ബാന്ദ്ര വെസ്റ്റ് അപ്പാർട്ട്‌മെന്റിൽ വെച്ചാണ് സെയ്ഫ് അലി ഖാന്റെ കഴുത്തിലും തോളിലും ഉൾപ്പെടെ ആറ് തവണ കുത്തേറ്റത്.

ജീവിതപങ്കാളി കരീന കപൂർ, മക്കളായ തൈമൂർ അലി ഖാൻ, ജെ അലി ഖാൻ എന്നിവർക്കൊപ്പം ബാന്ദ്രയിലെ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിലാണ് സെയ്ഫ് അലി ഖാൻ കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഫ്ലാറ്റിൽ വച്ച് സെയ്ഫ് അലി ഖാന് കുത്തേൽക്കുന്നത്. മോഷണശ്രമത്തിനിടെ മോഷ്ടാവുമായുണ്ടായ മൽപിടിത്തത്തിൽ താരത്തിന് കുത്തേറ്റുവെന്നായിരുന്നു വിശദീകരണം.

താരത്തിന് ആറു കുത്തുകൾ ഏറ്റതായാണ് റിപ്പോർട്ട്. അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതും ഒരു മുറിവ് നട്ടെല്ലിനോട് ചേർന്ന് അപകടകരമായ നിലയിലുമായിരുന്നു. പരിക്കേറ്റ താരത്തെ ഏകദേശം 3.30 ഓട് കൂടിയാണ് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യൂറോസർജന്മാർ ഉൾപ്പെടുന്ന സംഘമാണ് താരത്തിന് ശസ്ത്രക്രിയ നടത്തിയത്. ആക്രമണത്തിന് പിന്നാലെ മുംബൈ പൊലീസിൻ്റെ ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.