Kerala

പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി നാളെ

തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാവിധി നാളെ. നെയ്യാറ്റിൻക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീറാണ് വിധി പറയുക. ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപെട്ടത്. 10 വർഷം തടവിൽ കൂടുതൽ നൽകരുതെന്ന് പ്രതിഭാഗവും ആവശ്യപെട്ടു. മൂന്നാം പ്രതിയായ നിർമൽകുമാർ നായർ തെളിവ് നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു. കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതിയും അമ്മാവനുമായ നിർമൽകുമാറും കുറ്റക്കാരാണെന്ന് നെയ്യാറ്റിൻക്കര അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ അ്രമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു.

പാറശ്ശാലക്ക് സമീപം സമുദായപ്പറ്റ് ജെ.പി ഭവനില്‍ ജയരാജിന്റെ മകൻ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് ഗ്രീഷ്‌മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി ചേർത്ത് കുടിപ്പിക്കുകയായിരുന്നു. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബിഎസ്‌സി റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25നാണ് മരിച്ചത്. തിരുവനന്തപുരം മജിസ്ട്രേറ്റായിരുന്ന ലെനി തോമസിന് ഷാരോൺ നൽകിയ മരണമൊഴിയിൽ ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ച ശേഷമാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് പറഞ്ഞിരുന്നു.

ഒക്ടോബര്‍ 14ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്‌മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഗ്രീഷ്‌മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കയ്പ്പ് മാറാൻ ജ്യൂസും നൽകിയിരുന്നു. മുറിയിൽ ഛർദിച്ച ഷാരോൺ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്ന വഴിയും പലതവണ ഛർദിച്ചു. ക്ഷീണിതനായി വീട്ടിലെത്തിയ ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങി. എന്നാൽ, പിറ്റേദിവസം വായിൽ വ്രണങ്ങൾ ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വൃക്ക, കരള്‍, ശ്വാസകോശം അടക്കമുള്ള അവയവങ്ങൾ പ്രവർത്തനരഹിതമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.