ഡൽഹി: കർഷക പ്രതിഷേധത്തിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. ഫെബ്രുവരി 14ന് ചണ്ഡീഗഡിൽ ആണ് ചർച്ച നടക്കുക. കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ വൈദ്യസഹായം സ്വീകരിക്കാൻ സമ്മതിച്ചു. ആവശ്യങ്ങൾ അംഗീകരിച്ച ശേഷമേ നിരാഹാര സമരം അവസാനിപ്പിക്കൂ എന്നു ദല്ലേവാൾ പറഞ്ഞു. കേന്ദ്ര കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ജന്റെ നേതൃത്വത്തിലാണ് ചർച്ചക്ക് ക്ഷണിച്ചത്.
2024 ഫെബ്രുവരി 13 മുതൽ ശംഭു, ഖനൗരി അതിർത്തികളിൽ കേന്ദ്രത്തിനെതിരെ കർഷക പ്രതിഷേധം തുടരുകയാണ്. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. എംഎസ്പി ഗ്യാരണ്ടി കൂടാതെ, കർഷകർ കടം എഴുതിത്തള്ളുക, പെൻഷനുകൾ, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത്, പോലീസ് കേസുകൾ പിൻവലിക്കുക, 2021 ലെ ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്ക് നീതി എന്നിവ ആവശ്യപ്പെടുന്നു. ഡൽഹിയിലേക്കുള്ള മാർച്ച് സുരക്ഷാ സേന തടഞ്ഞതിനെ തുടർന്ന് കർഷകർ ഖനൗരി അതിർത്തിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു.
ചർച്ചയ്ക്ക് തുടക്കമിടണമെന്ന് കർഷക നേതാക്കൾ കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടിരിന്നു. പഞ്ചാബ് ഗവൺമെൻ്റിൻ്റെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ദല്ലേവാളിനോട് നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു, കൂടാതെ നിരാഹാരം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ വൈദ്യസഹായം സ്വീകരിക്കാൻ കോടതി അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തിരുന്നു.