Entertainment

‘ഇതാണ് ആകാശത്ത് നിന്ന് വീഡിയോ പകർത്തുന്ന ചേട്ടൻമാർ’: ഓൺലൈൻ മീഡിയാ സംഘത്തിന്റെ ദൃശ്യങ്ങൾ പകർത്തി മാളവിക മേനോൻ

ഉദ്ഘാടന വേദികളിലും പൊതുപരിപാടികളിലും എത്തുന്ന സിനിമാ താരങ്ങളുടെ ദൃശ്യങ്ങൾ പല കോണിൽ നിന്ന് പകർത്തുന്നവരുടെയും അവരുടെ സ്വകാര്യതയിൽ കയറി ഇടപെടുന്ന ഓൺലൈൻ മീഡിയാ സംഘങ്ങളുടെയും എണ്ണം സോഷ്യൽ മീഡിയയിൽ കൂടുതലാണ്. പല നടിമാരും ഈ വിഷയത്തിൽ ശക്തമായ വിയോജിപ്പ് അറിയിക്കാറുണ്ട്. ഇപ്പോൾ ഓൺലൈൻ സംഘങ്ങളുടെ വീഡിയോ തന്നെ പകർത്തി ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ സ്റ്റോറി ഇട്ടാണ് മാളവിക മേനോൻ ഇക്കൂട്ടർക്ക് പണി കൊടുത്തത്.

‘ഗയ്‌സ് ഇതാണ് ഞാന്‍ ആ പറഞ്ഞ ടീംസ്.. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങള്‍ അല്ലേ എല്ലാവരെയും ഷൂട്ട് ചെയ്യുന്നേ. ഇന്ന് ഞാന്‍ നിങ്ങളെ ഷൂട്ട് ചെയ്യാ.. എല്ലാവരെയും കിട്ടീല, ക്യാമറ ഓണ്‍ ചെയ്തപ്പോഴേക്കും പലരും ഓടി. ഞങ്ങള്‍ ഒക്കെ അപ്പൊ എന്താ ചെയ്യണ്ടേ നിങ്ങള്‍ ക്യാമറ വച്ച് ആകാശത്തുന്ന് ഷൂട്ട് ചെയ്യുമ്പോൾ.’ എന്നിങ്ങനെ കുറിച്ചാണ് താരം പോസ്റ്റ് പങ്കുവെച്ചത്.

സ്റ്റോറി ഇൻസ്റ്റ​ഗ്രാമിലിട്ട് നിശ്ചിത സമയത്തിനുള്ളിൽ തന്നെ പല ചാനലുകളിലും ഇത് റീലായും സ്ക്രീൻ ഷോർട്ട് എടുത്ത സ്റ്റോറികളായും വന്നുതുടങ്ങി. അതോടെ വീണ്ടും പോസ്റ്റുമായി താരം രം​ഗത്ത് എത്തി. എല്ലാം തമാശയ്ക്ക് ചെയ്തതാണ് എന്ന് കുറിച്ചുകൊണ്ടാണ് മാളവിക രം​ഗത്ത് എത്തിയത്.

‘അവർ പാവങ്ങളാണ്. അവരുടെ ജോലി ചെയ്യുകയാണ്. അവരെ കൊണ്ട് എനിക്ക് പോസിറ്റീവും നെഗറ്റീവും ഉണ്ടായിട്ടുണ്ട്. നമ്മൾ പരിപാടിക്ക് അനുസരിച്ച് വസ്ത്രം ചെയ്ത് വരുമ്പോൾ അത് ഷൂട്ട് ചെയ്ത് അവർക്ക് ഇഷ്ടപ്പെട്ട കാപ്ഷൻ നൽകുകയാണ്. അതിന് താഴെ വരുന്നത് മോശം കമന്റുകളും. ഒരു തൊഴിലും ഇല്ലാത്തവരാണ് കമന്റ് ചെയ്യുന്നത്. ഇപ്പോൾ ഇത്തരത്തിലുള്ള കമന്റുകളോടൊന്നും പ്രതികരിക്കാറില്ല. വിദേശ രാജ്യത്തൊക്കെ അവർ സാധാരണ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ തന്നെയാണ് ഞങ്ങളും ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ സിനിമ താരം വസ്ത്രം ചെയ്തു എന്നതിനാൽ ഞങ്ങളെകുറ്റപ്പെടുത്താൻ ആളുകൾ കാണും. ഞാൻ ഓൺലൈൻ ചാനലുകാരെ കുറ്റപ്പെടുത്തുകയല്ല. എല്ലാവരും ഉപജീവനമാണ്. നമ്മുക്കും അങ്ങനെ തന്നെയാണ്. രണ്ട് കൂട്ടരും സഹകരണ മനോഭാവത്തോടെയാണ് മുന്നോട്ട് പോകേണ്ടത്.’ എന്നിങ്ങനെ താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.