Entertainment

ശരിക്കും ത്രില്ലടിപ്പിച്ചോ ‘ഐഡന്റിറ്റി’ ? ടൊവിനോ ചിത്രം ഇതുവരെ എത്ര നേടി

ടൊവിനോ തോമസ് – തൃഷ കൃഷ്‌ണന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സംവിധായകരായ അഖില്‍ പോള്‍- അനസ് ഖാന്‍ കൂട്ടുക്കെട്ടില്‍ ഒരുക്കിയ ചിത്രമാണ് ‘ഐഡന്റിറ്റി’. ജനുവരി രണ്ടിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. ഇൻവെസ്റ്റി​ഗേഷൻ ക്രൈം ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന ചിത്രം പ്രേക്ഷരുടെ പ്രതീക്ഷ കാത്തിരുന്നു. ചിത്രം പുറത്തിറങ്ങി ആഴ്ചകൾ പിന്നിടിമ്പോഴും വൻ വിജയമായി പ്രദർശനം ഇപ്പോഴും തുടരുന്നുണ്ട്. ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഇത്രയും നാളിൽ 40.23 കോടിയോളം രൂപയാണ് ഐഡന്റിറ്റി നേടിയിരിക്കുന്നത്. ആദ്യ നാല് ദിവസത്തിനുള്ളിൽ തന്നെ ലോകമെമ്പാടും 23.20 കോടി രൂപയുടെ കളക്ഷൻ ചിത്രം നേടിയിരുന്നു. ചിത്രം വൈകാതെ 50 കോടി ക്ലബിൽ ഇടം നേടുമെന്നാണ് സിനിമാ നിരീക്ഷകരുടെ പ്രവചനം.

തമിഴ് പതിപ്പിലും ചിത്രം വലിയ വിജയം നേടി. ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ ഉടൻ തന്നെ റിലീസ് ചെയ്യും. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്ന് നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തിയേറ്ററുകളിലെത്തിച്ചത്.

ഇൻവെസ്റ്റി​ഗേഷൻ ക്രൈം ത്രില്ലർ എന്ന ലേബലോടെ എത്തിയ ‘ഐഡന്റിറ്റി’യുടെ കഥ സഞ്ചരിക്കുന്നത് ഒരു കൊലപാതകത്തെ ചുറ്റിപറ്റിയാണ്. മൂന്ന് പ്രധാന കഥാപാത്രങ്ങളിലൂടെയാണ് ‘ഐഡന്‍റിറ്റി’ പ്രധാനമായും മുന്നോട്ട് പോകുന്നത്. ഒരു പോലീസുകാരന്‍, ഒരു സ്‌കെച്ച് ആര്‍ട്ടി്സ്‌റ്റ്, ഒരു സാക്ഷി എന്നിവയെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. കൊലയാളി ആരാണെന്നും കൊലക്ക് പിന്നിലെ കാരണം എന്താണെന്നും തേടി ടൊവിനോയുടെ കഥാപാത്രമായ ഹരണും തൃഷയുടെ അലീഷ എന്ന കഥാപാത്രവും വിനയ് റായിയുടെ അലൻ ജേക്കബും നടത്തുന്ന ഇൻവെസ്റ്റി​ഗേഷനാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. ബോളിവുഡ് നടിയായ മന്ദിര ബേദിയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം അവതരിപ്പിച്ചത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖിൽ ജോർജിന്റെ ഛായാഗ്രാഹണവും ജേക്ക്‍സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ബി​ഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോൾ ജിസിസി വിതരണാവകാശം ഫാഴ്സ് ഫിലിംസാണ് കരസ്ഥമാക്കിയത്.