India

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി; ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്

യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിലാണ് നടപടി. പതഞ്ജലി ആയുർവേദിൻ്റെ ഹെൽത്ത് കെയർ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നൽകിയത്. സംസ്ഥാന ഡ്രഗ്സ് വിഭാഗം രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ പതിനാറിന് പാലക്കാട്ടെ കോടതിയിൽ ഹാജരാകണമെന്ന് രാംദേവിന് സമൻസ് അയച്ചിരുന്നു.

എന്നാൽ ഈ സമൻസ് ലഭിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് ഇപ്പോൾ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.ഫെബ്രുവരി ഒന്നിന് നേരിട്ട് കോടതിയിൽ ഹാജരായി ജാമ്യമെടുക്കണമെന്നാണ് വാറണ്ട്. രാജ്യത്ത് ഇതാദ്യമായാണ് ഡ്രഗ്സ് വകുപ്പ് പതഞ്ജലി ഗ്രൂപ്പിൻ്റെ ദിവ്യ ഫാർമസിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം തെറ്റിദ്ധാരണ ജനകമായ ഔഷദ പരസ്യം നൽകിയതിന് പതഞ്ജലി ഗ്രൂപ്പിനെതിരെ രാജ്യത്ത് ഇതുവരെ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.