Kerala

വസ്ത്രാക്ഷേപം നടത്തി, കൊന്നുകളയെടാ എന്ന് ലോക്കൽ‌ സെക്രട്ടറി ആക്രോശിച്ചു; വെളിപ്പെടുത്തലുമായി കൗൺസിലർ കലാ രാജു

വെളിപ്പെടുത്തലുമായി കൂത്താട്ടുകുളത്ത് തട്ടിക്കൊണ്ടുപോയ വനിത കൗൺസിലർ കലാ രാജു. താൻ പൊതു മധ്യത്തിൽ ആക്രമിക്കപ്പെട്ടെന്നും തന്നെ കൊന്നുകളയണമെന്ന് ആക്രോശിച്ചെന്നും കലാ രാജു പറഞ്ഞു. ‘അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാനാണ് വന്നത്. പ്രമേയത്തിൽ നിന്നും മാറി നിൽക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നില്ല. എതിർപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, ഇതുപോലെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അതിന്റെ ആഘാതമാണ് ഇപ്പോഴും. എന്റെതായ നിലപാടുകളുള്ള ആളാണ് ഞാൻ.

25 വർഷമായി സിപിഎം പാർട്ടിയിലുണ്ട്. എന്റെ നിലപാട് വ്യക്തമാക്കിയപ്പോഴാണ് എതിർപ്പുകൾ ഉയർന്നത്. പൊതുമധ്യത്തിൽ വസ്ത്രാക്ഷേപം നടത്തി. അവളെ കൊന്നുകളയെടാ എന്നു പറഞ്ഞത് ലോക്കൽ സെക്രട്ടറി ആക്രോശിക്കുന്നത് കേൾക്കാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിൽ അവർ പറയുന്നത് അവരറിഞ്ഞില്ലെന്നാണ്. പക്ഷെ, എന്നെ വണ്ടിയിലേക്ക് വലിച്ചിഴച്ചത് വൈസ് ചെയർമാനായിരുന്നു.’- കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു.

മുടിക്കുത്തിന് പിടിച്ച് വലിച്ചിഴച്ചാണോ പാർട്ടി ഓഫീസിലേക്ക് പോകാൻ പറയുന്നതെന്നും കലാ രാജു ചോദിച്ചു. ഒരു സ്ത്രീയോടും ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല. അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ കൂത്താട്ടുകുളം നഗരസഭയിൽ കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങൾ‌ അരങ്ങേറിയത്. എൽഡിഎഫ് ഭരണ സമിതിക്കെതിരെ ഇന്നലെ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് നാടകീയ കടത്തിക്കൊണ്ടുപോകലും സംഘർ‌ഷാവസ്ഥയും ഉടലെടുത്തത്.