Kerala

വനിത കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം; കൂടുതൽ പേർക്കെതിരെ കേസെടുത്ത് പൊലീസ്

കൂത്താട്ടുകുളം വനിത കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസെടുത്ത് പൊലീസ്. സിപിഐഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കലാ രാജുവിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു എന്ന് എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നുണ്ട്. ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം നഗരസഭ ചെയര്‍പേഴ്‌സന്റെ കാറില്‍ തട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍മാനും സിപിഐഎം ഏരിയ സെക്രട്ടറിയും അടക്കം 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ കൗണ്‍സിലര്‍ കല രാജുവിന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. താൻ പൊതു മധ്യത്തിൽ ആക്രമിക്കപ്പെട്ടെന്നും തന്നെ കൊന്നുകളയണമെന്ന് ആക്രോശിച്ചെന്നും കലാ രാജു പറഞ്ഞു. ‘അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാനാണ് വന്നത്. പ്രമേയത്തിൽ നിന്നും മാറി നിൽക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നില്ല. എതിർപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, ഇതുപോലെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അതിന്റെ ആഘാതമാണ് ഇപ്പോഴുമുള്ളതെന്ന് കലാ രാജു പറഞ്ഞു.