India

‘ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറും’; വിവാദ പരാമർശവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ഗോമൂത്രം കുടിച്ചാൽ രോ​ഗങ്ങൾ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടി. ബാക്ടീരിയയേും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും കാമകോടി പറഞ്ഞു. പൊങ്കലിനോട് അനുബദ്ധിച്ചുള്ള ഗോപൂജ ചടങ്ങിലായിരുന്നു മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടിയുടെ പരമാര്‍ശം.

തന്റെ അച്ഛന് പനി പിടിച്ചപ്പോള്‍ ഒരു സന്യാസിയുടെ അടുക്കല്‍ പോയി. അദ്ദേഹം നല്‍കിയ ഗോമൂത്രം കുടിച്ച് പതിനഞ്ച് മിനിട്ടിനുള്ളില്‍ പനി പമ്പ കടന്നെന്നാണ് കാമകോടി പറയുന്നത്. ഗോമൂത്രം കുടിക്കുന്നത് ദഹനക്കേടിന് നല്ലതാണെന്നും ബാക്ടീരിയകളേയും ഫംഗസുകളേയും ഇത് നശിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഇന്ത്യയിലെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വിദഗ്ധരില്‍ പ്രധാനിയാണ് വി കാമകോടി. രാജ്യത്തെ ആദ്യ മൈക്രോ പ്രൊസസറായ ശക്തി വികസിപ്പിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയവരില്‍ പ്രധാനയായ ആളില്‍ നിന്ന് ആണ് ഇത്തരം പരാമര്‍ശം.

പരമാര്‍ശത്തിനെതിരെ കോണ്‍ഗ്രസും ഐഐടി സ്റ്റുഡന്‍സ് യൂണിയനും രംഗത്തെത്തി. കാമകോടിയുടെ പരാമര്‍ശത്തിനെതിരെ മദ്രാസ് ഐഐടി സ്റ്റുഡന്‍സ് യൂണിയന്‍ പ്രസ്താവനയിറക്കി. കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ഉള്‍പ്പടെ കാമകോടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.