Kerala

കൗണ്‍സിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോൺഗ്രസ്: സി. എന്‍ മോഹനന്‍

കൂത്താട്ടുകുളത്ത് വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം തെറ്റെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനന്‍. സിപിഐഎം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച വനിതയെ എന്തിന് തട്ടിക്കൊണ്ടു പോകണമെന്നും അദ്ദേഹം ചോദിച്ചു. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോൺഗ്രസ് എന്ന് ജില്ലാ സെക്രട്ടറി ആരോപിച്ചു. അവിശ്വാസ പ്രമേയത്തിന് നാലുദിവസം മുമ്പ് കലാരാജുവിനെ കാണാതായതാണ്, കലാരാജു എവിടെയായിരുന്നു എന്ന് വ്യക്തമാക്കട്ടെ എന്നും സി. എൻ മോഹനൻ പറഞ്ഞു. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സന്‍റെ വാഹനത്തിൽ കലാ രാജു കയറിയതാണ്, തുടർന്ന് ഇരുവരും സിപിഎം ഓഫീസിൽ എത്തി. കൗൺസിലർ സുരക്ഷിതയാണെന്ന് പൊലീസ് എത്തി ഉറപ്പുവരുത്തിയിരുന്നു.

കലാ രാജുവിന് സാമ്പത്തിക ബുദ്ധിമുട്ട് അടക്കമുള്ള ഉണ്ടെങ്കിൽ അക്കാര്യം പാർട്ടി പരിശോധിക്കും, അവരുമായി വീണ്ടും സംസാരിക്കാൻ തയ്യാറാണെന്നും സി. എൻ മോഹനൻ പറഞ്ഞു, സംഘർഷം ഉണ്ടാക്കിയത് കോൺഗ്രസ് ആണ്, കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിന് ഡിസിസി പ്രസിഡന്‍റും രണ്ട് എംഎൽഎമാരും എത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.