Kerala

ജന്മം നൽകിയതിനുള്ള ശിക്ഷ; അമ്മയെ വെട്ടിക്കൊന്ന കേസിൽ പ്രതിയുടെ ഞെട്ടിക്കുന്ന പ്രതികരണം

താമരശ്ശേരിയിൽ മകന്‍ കാന്‍സര്‍ ബാധിതയായിരുന്ന അമ്മയെ വെട്ടിക്കൊന്ന കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന പ്രതികരണം പുറത്ത്. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖിന്റെ പ്രതികരണം. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുമ്പോഴായിരുന്ന ആഷിഖിന്റെ ഈ പ്രതികരണം.

അടിവാരം സ്വദേശിയായ സുബൈദ ആണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മസ്തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു. ഇവിടെയെത്തിയാണ് ലഹരിക്ക് അടിമയായ പ്രതി ആഷിഖ് തന്റെ മാതാവായ സുബൈദയെ കൊലപ്പെടുത്തിയത്.

ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ആഷിഖ്. അമ്മയെ കാണാൻ എത്തിയപ്പോഴാണ് കൊല നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. 53 വയസായിരുന്നു സുബൈദയ്ക്ക്. 25 കാരനായ ആഷിഖ് ബെംഗളൂരു ഡി അഡിഷൻ സെൻ്ററിൽ ചികിത്സയിലായിരുന്നു.

ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റപോയ നിലയിലായിരുന്നു. ആക്രമണത്തിന് ശേഷം വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സുബൈദയുടെ സംസ്കാരം ഇന്ന് നടക്കും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.