ഗാസയിൽ വെടിനിർത്തൽ നടപ്പിലായില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വെടിനിർത്തൽ നിലവിൽ വരേണ്ടിയിരുന്നത്. ബന്ദികളാക്കപ്പെട്ടവരുടെ ലിസ്റ്റ് ഹമാസ് പുറത്ത് വിടാതെ വെടിനിർത്തൽ അംഗീകരിക്കില്ലെന്നും ഹമാസിനെതിരെയുള്ള ആക്രമണം തുടരുമെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരിക്കുന്നത്. വെടിനിർത്തൽ നടപ്പാക്കേണ്ടതില്ലെന്ന് അദ്ദേഹം സൈന്യത്തിന് നിർദേശം നൽകി.
ബന്ദികളാക്കപ്പെട്ടവരുടെ ലിസ്റ്റ് പുറത്ത് വിടാത്തത് സാങ്കേതിക തകരാർ മൂലമാണെന്ന് ഹമാസ് പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്.
ആവശ്യമെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെടിനിർത്തൽ താത്കാലികമാണെന്നും ആവശ്യമുണ്ടെന്ന് തോന്നിയാൽ തങ്ങൾ യുദ്ധം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപും തങ്ങളുടെ ഈ നിലപാടിനെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതോടെയാണ് വെടിനിർത്തൽ അനിശ്ചിത്വത്തിലായത്.