താമരശ്ശേരിയിൽ മാതാവ് സുബൈദയെ മകൻ വെട്ടിക്കൊലപ്പെടുത്തിയത് പണം നൽകാത്തതിലുള്ള വൈരാഗ്യം കാരണമെന്ന് പൊലീസ്. സ്വത്ത് വിൽപ്പന നടത്താൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. മുൻപ് രണ്ട് തവണ ഇയാൾ മാതാവിനെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പതിവായി ആഷിഖ് മാതാവിനോട് പണം ചോദിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുബൈദയുടെ പേരിലുള്ള സ്വത്തുക്കൾ വിൽക്കാനും ആഷിഖ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാതാവ് ഇതിന് തയ്യാറാകാതെ വന്നതോടെയാണ് ആഷിഖ് ക്രൂരകൃത്യത്തിന് മുതിർന്നത്. നേരത്തെയും മാതാവിനെ കൊല്ലാൻ ആഷിഖ് ശ്രമം നടത്തിയിട്ടുണ്ട്. ഒന്നര വയസിൽ പിതാവ് ഉപേക്ഷിച്ച് പോയ ആഷിഖിന് മാതാവ് മാത്രമാണുള്ളത്.
മസ്തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു. ഇവിടെയെത്തിയാണ് ആഷിഖ് സുബൈദയെ കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. അയൽവാസിയുടെ വീട്ടിൽ നിന്ന് കൊടുവാൾ വാങ്ങിയാണ് ആഷിഖ് മാതാവിനെ വെട്ടിയത്. തേങ്ങപൊളിക്കാനാണ് എന്നു പറഞ്ഞാണ് ആഷിഖ് കൊടുവാൾ വാങ്ങിയത്. താമരശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുമ്പോൾ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റനിലയിലായിരുന്നു. ആഷിക് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു.