World

ഒടുവില്‍ സമാധാനം; ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

ഒടുവിൽ ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇന്ന് മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് വിവരം ഹമാസ്, ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഇന്ന് മോചിപ്പിക്കുന്നവരില്‍ ഇസ്രയേല്‍-ബ്രിട്ടീഷ് പൗരയായ എമിലി ഡമാരി (28) ഡോരോന്‍ സ്‌റ്റെയ്ന്‍ ബ്രെച്ചര്‍ (31) റോമി ഗോനന്‍ (24) എന്നീ വനിതകളാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ബന്ദികളുടെ പേരുവിവരങ്ങള്‍ ഹമാസ് പുറത്തുവിടാതെ വെടിനിര്‍ത്തല്‍ നടപ്പിലാക്കില്ലെന്ന് ഇസ്രയേല്‍ നിലപാട് എടുത്തതോടെ ഗാസയില്‍ അനിശ്ചിതത്ത്വം നിലനിന്നിരുന്നു. ഇതോടെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നത് ഏകദേശം രണ്ട് മണിക്കൂര്‍ വൈകി.

യു.എസ്, ഈജിപ്‌ത്, ഖത്തർ എന്നീ രാജ്യങ്ങൾ നടത്തിയ മാസങ്ങൾ നീണ്ട മധ്യസ്ഥ ചർച്ചയാണ് ഫലം കണ്ടിരിക്കുന്നത്.

വെടിനിര്‍ത്തല്‍ ചര്‍ച്ചയിലെ മധ്യസ്ഥരായ ഖത്തര്‍ മുഖേനയാണ് ഇന്ന് മോചിപ്പിക്കുന്ന മൂന്ന് പേരുടെ പേരുവിവരങ്ങള്‍ ഹമാസ് പുറത്തുവിട്ടത്. എന്നാല്‍ ബന്ദി കൈമാറ്റം എവിടെവെച്ച് നടക്കുമെന്ന കാര്യത്തില്‍ വ്യക്തമല്ല. വെടിനിര്‍ത്തല്‍ കരാര്‍ രണ്ട് മണിക്കൂര്‍ വൈകിയപ്പോള്‍ ഇസ്രയേല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഈ ആക്രമണത്തില്‍ ഏകദേശം പത്തോമ്പതോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

അതിനിടെ വെടിനിർത്തൽ കരാറിനെ എതിർത്ത് ഇസ്രയേൽ സുരക്ഷാ മന്ത്രി ബെൻ ഗവീർ രാജിവെച്ചു.

ബന്ദികളെ കൈമാറുന്നപക്ഷം ഇസ്രയേലില്‍ തടവില്‍ കഴിയുന്ന ഫലസ്തീനികളെയും ഇന്ന് വിട്ടയക്കും. എന്നാല്‍ എത്രപേരെ വിട്ടയക്കും എന്ന കാര്യത്തില്‍ കൃത്യതയില്ല. ഇതിന് പുറമെ ഗാസ അതിര്‍ത്തിയില്‍ തടഞ്ഞുവെക്കപ്പെട്ട ഭക്ഷണവും മരുന്നുകളുമുള്ള ട്രക്കുകള്‍ ഗാസയിലേക്ക് കടത്തിവിടും. ഐക്യരാഷ്ട്ര സംഘടനയുടെ 4000ത്തില്‍ അധികം ട്രക്കുകളാണ് ഗാസ അതിര്‍ത്തിക്ക് സമീപം കാത്ത് നില്‍ക്കുന്നത്. തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം ഗസയില്‍ നിന്ന് ബഫര്‍ സോണുകളിലേക്ക് പിന്മാറും.

എന്നാല്‍ ഇന്ന് അമേരിക്കയുടെ 47മാത് പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് അധികാരം ഏല്‍ക്കും മുമ്പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം ഉണ്ടയിരുന്നു. ഇതാണ് ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.