Kerala

കൂത്താട്ടുകുളത്ത് സംഭവിച്ചതിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്, പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി: റൂറൽ എസ്.പി വൈഭവ് സക്സേന

കൂത്താട്ടുകുളം തട്ടികൊണ്ടുപോകൽ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വീഴ്ചയിൽ റിപ്പോർട്ട്‌ തേടിയെന്ന് റൂറൽ എസ്.പി വൈഭവ് സക്സേന. പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കലാ രാജുവിന്റെ 164 മൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുണണ്ടെന്നും കേസിൽ അറസ്റ്റ് ഉടനെന്നും എസ്.പി പറഞ്ഞു.

അതേസമയം കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയതില്‍ പോര്‍മുഖം തുറന്ന് കോണ്‍ഗ്രസും സി.പി.എമ്മും. കലാ രാജുവിന്റെ ഗുരുതര ആരോപണങ്ങളെ, ഏരിയ കമ്മിറ്റി ഓഫീസിനുള്ളിലെ ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രതിരോധിക്കുകയാണ് സി.പി.എം. സിപിഎമ്മിനെതിരെ കേസെടുത്തതിന് പുറമേ, പൊലീസ് സ്റ്റേഷൻ ഉപരോധത്തിന് യുഡിഎഫിനെതിരെയും പൊലീസ് കേസെടുത്തു.

നിലവിൽ കൊച്ചി കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കലാരാജു. മക്കളുടെ പരാതിയിൽ എടുത്ത കേസിൽ കൗൺസിലറുടെ രഹസ്യ മൊഴിയെടുക്കും. നേതാക്കളുടെ പേര് എടുത്തുപറഞ്ഞായിരുന്നു കലാ രാജുവിന്റെ ഇന്നത്തെ പ്രതികരണം.