India

രജൗരിയിലെ ദുരൂഹ മരണങ്ങളിൽ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ജമ്മു കശ്മീരിലെ രജൗരിയിലെ ദുരൂഹ മരണങ്ങളിൽ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആറ് ആഴ്ച്ചയ്ക്കിടെ 16 പേരാണ് പ്രദേശത്ത് ന്യൂറോടോക്സിൻ ബാധയെ തുടർന്ന് മരിച്ചത്. ജമ്മുകശ്മീരിലെ രജോരി ജില്ലയിലെ ബുധൽ ഗ്രാമത്തിലാണ് തുടർച്ചയായുള്ള മരണങ്ങൾ.

ഒന്നര കിലോമീറ്റർ‌ ചുറ്റളവിൽ‌ താമസിക്കുന്ന കുടുംബങ്ങളിലെ ആളുകളാണ് രോഗബാധയെ തുടർന്ന് മരിച്ചത്. പകർച്ച വ്യാധിയോ, ബാക്ടീരിയ, ഫം​ഗസ് ബാധയോ അല്ല കാരണമെന്ന് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലും നടത്തിയ പരിശോധനകളിൽ നിന്ന് വ്യക്തമായി. തുടർന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിഷയം അന്വേഷിക്കാൻ ഉന്നതല സമിതിയെ രൂപീകരിച്ചത്.

മന്ത്രാലയ സമിതി ഇന്ന് സ്ഥലം സന്ദർശിച്ചു പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ വിദ​ഗ്ധരും ഫോറൻസിക് സയൻസ് ലാബ് സംവിധാനവും സമിതിക്കൊപ്പം ഉണ്ടാകും. കഴിഞ്ഞ ഡിസംബർ ഏഴു മുതലാണ് ഗ്രാമത്തിൽ അസ്വഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്ത തുടങ്ങിയത്.