Kerala

ഫുട്ബോൾ മത്സരത്തിന് ശേഷം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു | students drowned to death

ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് മുള്ളരിക്കാടിന് സമീപമുള്ള ടർഫിലെത്തിയതായിരുന്നു ഇരുവരും

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.

ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. ഒരു സ്വകാര്യ ട്യൂഷൻ സെന്റർ സംഘടിപ്പിച്ച പരിപാടിയുടെ ഭാ​ഗമായി ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് മുള്ളരിക്കാടിന് സമീപമുള്ള ടർഫിലെത്തിയതായിരുന്നു ഇരുവരും. കളി കഴിഞ്ഞതിന് ശേഷം കുളിക്കുന്നതിനായി അച്ചൻകോവിലാറ്റിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

സഹപാഠികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. പിന്നീട്, പത്തനംതിട്ടയിൽ നിന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘങ്ങളെത്തി നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

CONTENT HIGHLIGHT: students drowned to death