India

45 ദിവസങ്ങൾക്കിടെ 16 മരണം; രോഗബാധിതരിൽ ന്യൂറോടോക്സിൻ സാന്നിധ്യം; പാക് അതിർത്തി ജില്ലയിൽ സൈന്യത്തെ വിന്യസിച്ചു | jammu rajouri budhal mysterious illness

കഴിഞ്ഞ വർഷം ഡിസംബറിലറാണ് ആദ്യത്തെ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒരു മാസത്തിനിടെ 16 പേരുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്തർ മന്ത്രാലയ സംഘത്തെ നിയോഗിച്ചു. 45 ദിവസങ്ങൾക്കിടെയാണ് 16 പേർ ദുരൂഹ രോഗം ബാധിച്ചു മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ മരിക്കുന്നതിന് മുമ്പ് പനി, വേദന, ഓക്കാനം, ബോധക്ഷയം എന്നീ ലക്ഷണങ്ങളാണ് രോ​ഗികൾക്ക് ഉണ്ടായിരുന്നത്.

രോഗബാധിതരിൽ നാഡീവ്യവസ്ഥയെ തകർക്കുന്ന വിഷപദാർഥമായ ന്യൂറോടോക്സിൻ സാന്നിധ്യം കണ്ടെത്തി. തുടർന്ന് പാക് അതിർത്തി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ സൈന്യത്തെ വിന്യസിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിലറാണ് ആദ്യത്തെ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നാലെ മരണങ്ങൾ വർധിച്ചതോടെ പ്രദേശത്തെ ജനങ്ങളിൽ കടുത്ത ആശങ്ക ഉടലെടുത്തു. എന്താണ് സംഭവിക്കുന്നതെന്നു പഠിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുല്ല വ്യാഴാഴ്ച ആരോഗ്യ, പൊലീസ് അധികൃതരുടെ യോഗം വിളിച്ചിരുന്നു.

ഡിസംബർ ഏഴിനുണ്ടായ സംഭവത്തിൽ സമൂഹസൽക്കാരത്തിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ ഏഴു പേർക്കാണ് ആദ്യം രോഗബാധയുണ്ടായത്. ഇവിടെ അഞ്ചുപേർ മരിച്ചു. പിന്നാലെ ഡിസംബർ 12ന് ഒൻപതംഗ കുടുംബത്തിന് രോഗം ബാധിച്ചതിൽ മൂന്നുപേർ മരിച്ചു. ജനുവരി 12ന് 10 അംഗ കുടുംബത്തിലെ രോഗബാധയിൽ ആറു കുട്ടികൾ ആശുപത്രിയിലായി. ഇവരിൽ 10 വയസ്സുകാരി ബുധനാഴ്ച രാത്രി മരിച്ചു. ഇവരുടെ 15 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

‘‘മരണങ്ങൾ എങ്ങനെയുണ്ടാകുന്നുവെന്നതിലെ അവ്യക്തത വളരെയധികം ആശങ്കയുണ്ടാക്കുന്നു. ആഴത്തിൽ പഠിച്ച് എന്താണ് കാരണമെന്ന് കണ്ടെത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. എല്ലാ വിഭാഗങ്ങളും സഹകരിച്ച് പഠിച്ച് പരിശോധന നടത്തണം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നീതി ലഭ്യമാക്കണം’’ – മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിൽനിന്ന് വിവിധ രംഗത്തെ വിദഗ്ധരെ ഉൾക്കൊള്ളിച്ച് ഒരു സംഘത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രജൗറിയിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യ, കൃഷി, രാസ വള, ജല വിഭവ മന്ത്രാലയങ്ങളിലെ വിദഗ്ധരാണ് സംഘത്തിലുള്ളത്.