ടെൽ അവീവ്: ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബന്ദി കൈമാറ്റത്തിൽ ഹമാസ് ആദ്യം മോചിപ്പിക്കുന്ന മൂന്നുപേരെ ആയിരിക്കും. ഇസ്രയേൽ പ്രാദേശിക സമയം വൈകിട്ട് നാലോടെ ഇവരെ റെഡ് ക്രോസിനു കൈമാറുമെന്നാണ് വിവരം. റെഡ് ക്രോസിൽനിന്ന് ഇവരെ ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങും. തുടർന്ന് യുവതികളെ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിൽ പരിശോധനയ്ക്ക് എത്തിക്കും.
ഡോറോൻ സ്റ്റൈൻബ്രെച്ചർ, 31
ഇസ്രയേൽ–റുമേനിയൻ പൗരയായ ഡോറോൻ വെറ്ററിനറി നഴ്സാണ്. 2023 ഒക്ടോബർ 7ന് ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ ഇവരെ വീട്ടിൽനിന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഡോറോൻ ജീവിച്ചിരിപ്പുണ്ടെന്ന് ജനുവരിയിലാണ് വിവരം ലഭിച്ചത്. അന്ന് ഹമാസ് പുറത്തുവിട്ട വിഡിയോയിൽ മറ്റു രണ്ടു ബന്ദികൾക്കുമൊപ്പം ഡോറോന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു.
റോമി ഗോനെൻ, 24
നോവ സംഗീതനിശയിൽ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ആക്രമണത്തിൽ റോമിയുടെ കാലിനും കൈയ്ക്കും വെടിയേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു സുഹൃത്തുക്കൾ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. പരുക്കേറ്റ റോമിയെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുന്ന വിഡിയോയും അന്നു പുറത്തുവന്നിരുന്നു. ആക്രമണത്തിൽ റോമിയുടെ കൈയുടെ സ്വാധീനം നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഇവരുടെ വിരലുകൾ ചലിപ്പിക്കാനാവില്ലെന്നും കൈയുടെ നിറം മാറുന്നുവെന്നും റോമിയുടെ കുടുംബത്തെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എമിലി ദമാരി, 28
ബ്രിട്ടിഷ്–ഇസ്രയേൽ പൗരത്വമുള്ള എമിലിയെ ഫാർ അസയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്. ഇവിടെ താമസിച്ചിരുന്ന 37 പേരെയും ഹമാസ് പിടികൂടി. ബന്ദികളിലെ ഏക ബ്രിട്ടിഷ് പൗരയാണ് എമിലി. എമിലിയുടെ കൈയ്ക്കും വെടിയേറ്റിട്ടുണ്ട്. കാലിനും മുറിവേറ്റു. എമിലിയുടെ സ്വന്തം കാറിലാണ് ഇവരെ തട്ടിക്കൊണ്ടു പോയത്.
15 മാസങ്ങൾ നീണ്ടുനിന്ന യുദ്ധത്തിനു ശേഷമാണ് ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ എത്തുന്നത്. വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടമായി ബന്ദികളാക്കിയ മൂന്ന് ഇസ്രായേലി സ്ത്രീകളെ മോചിപ്പിക്കുമെന്ന് ഹമാസിൻ്റെ സായുധ വിഭാഗമായ എസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് ഏതാനും മണിക്കൂറുകൾക്കു മുൻപാണ് വ്യക്തമാക്കിയത്. ഹമാസ് മോചിപ്പിക്കും എന്ന് പറയുന്നവരുടെ പേരും വിവരങ്ങളും ലഭിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് ഞായറാഴ്ച രാവിലെയും ഇസ്രായേൽ അറിയിച്ചിരുന്നു. ഇതോടെ വെടിനിർത്തൽ കരാറിന്റെ കാര്യത്തിൽ അനിശ്ചിതത്വം ഉയർന്നിരുന്നു.
തടവിലുള്ള 33 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കും എന്നാണ് ഹമാസ് വെടിനിർത്തൽ കരാറിൽ അറിയിച്ചിട്ടുള്ളത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഇസ്രായേൽ പ്രധാനമന്ത്രിയുമായി മണിക്കൂറുകളോളം നടത്തിയ ചർച്ചയെ തുടർന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടി നിർത്തൽ കരാറിന് വഴങ്ങിയിരുന്നത്. 2023 ഒക്ടോബർ 7 ന് സായുധ ഫലസ്തീൻ സംഘം ഇസ്രായേലിനെ ആക്രമിച്ചതിന് പിന്നാലെ ആരംഭിച്ച സംഘർഷത്തിനാണ് ഒടുവിൽ ആശ്വാസമാകുന്നത്.
CONTENT HIGHLIGHT: hamas releases three hostages