Kerala

മലയാളി പെൺകുട്ടികളെ വിവാഹം ചെയ്ത് 72 അതിഥിത്തൊഴിലാളികൾ; ലൈഫ് മിഷന്‍ പദ്ധതിയിലും സാന്നിധ്യം; പെണ്‍വീട്ടുകാരുടെ തീരുമാനത്തിന് പിന്നിലും കാരണമുണ്ട് | migrant workers marrying kerala girls

എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് വിവാഹങ്ങള്‍ നടന്നത്

കൊച്ചി: കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടി വരികെയാണ്. അവരെ അതിഥി തൊഴിലാളികൾ എന്നാണ് നമ്മൾ വിളിക്കുന്നതും. ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു കണക്കാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുണ്ട്. എഐടിയുസി നേതൃത്വം നല്‍കുന്ന നാഷണല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ആണ് 72 പേര്‍ കേരളത്തിൽ നിന്നും വിവാഹം കഴിച്ചിരിക്കുന്നത്.

ഇതില്‍ ഭൂരിഭാഗവും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹങ്ങളാണ്. നേരിട്ട് വീട്ടിലെത്തി ചോദിച്ചും ബ്രോക്കര്‍മാര്‍ വഴിയുമാണ് വിവാഹങ്ങള്‍ നടന്നിരിക്കുന്നത്. പെണ്‍കുട്ടികളുടെ വീട്ടുകാര്‍ കൃത്യമായി അന്വേഷണം നടത്തിയ ശേഷമാണ് വിവാഹങ്ങള്‍ നടന്നിരിക്കുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു.

എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് വിവാഹങ്ങള്‍ നടന്നത്. വിവാഹം കഴിഞ്ഞവരില്‍ ഏറിയ പങ്കും പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചാണ് കഴിയുന്നത്. റേഷന്‍ കാര്‍ഡും മറ്റ് രേഖകളെല്ലാം സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികള്‍ വോട്ടര്‍ പട്ടികയിലും അംഗങ്ങളായെന്നു യൂണിയന്‍ പറയുന്നു. ഇക്കൂട്ടത്തില്‍ കേരളത്തില്‍ സ്വന്തമായി വീടുള്ളവരുമുണ്ട്. ഇതെല്ലാമാണ് പെണ്‍വീട്ടുകാരെ സ്വാധീനിച്ച പ്രധാന ഘടകങ്ങള്‍.

കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികളുമുണ്ട്. എറണാകുളം ജില്ലയിലെ വാഴക്കുളം പഞ്ചായത്തിലെ രാജേന്ദ്ര നായിക്ക് എന്ന തൊഴിലാളിയാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കാല്‍നൂറ്റാണ്ട് മുമ്പ് ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് ജോലി തേടി എത്തിയതാണ് രാജേന്ദ്ര നായിക്ക്.

CONTENT HIGHLIGHT: migrant workers marrying kerala girls