ക്യാമറകൾ നിലവിൽ വന്ന കാലം മുതൽ വന്യജീവികളെയും ജലജീവികളെയുമൊക്കെ പലവട്ടം സാഹസികരായ ഫോട്ടോഗ്രഫർമാർ പകർത്തിയെടുത്തു. എന്നാൽ 20ാം നൂറ്റാണ്ട് തീർന്നപ്പോഴും ഒരു ജലജീവി മാത്രം പതിറ്റാണ്ടുകൾ ക്യാമറയ്ക്കു പിടികൊടുക്കാതെ നിന്നു. ചെറിയ ജീവിയാണെങ്കിൽ ഇതിൽ വലിയ കാര്യമില്ല. എന്നാൽ നമ്മുടെ ഈ ജലജീവി ഒരു വമ്പൻ ശരീരക്കാരനായിരുന്നു. ഒടുവിൽ ജപ്പാനിലെ ഗോഷികി ബീച്ചിൽ വച്ചാണ് ഈ ജീവിയുടെ ചിത്രം എടുത്തത്. സമുദ്രത്തിലെ അപൂർവജീവിയായിരുന്ന രാക്ഷസക്കണവയാണ് ഈ ജീവി. നമ്മൾ കഴിക്കുന്ന കണവയുടെ വലുപ്പം കൂടിയ ബന്ധുവാണ് രാക്ഷസക്കണവ. ജയന്റ് സ്ക്വിഡ് എന്നാണ് ഇംഗ്ലിഷിൽ പേര്. നീരാളികളും സാധാ കണവകളുമൊക്കെ ഉൾപ്പെടുന്ന സെഫലോപോഡ് എന്ന ജന്തുകുടുംബത്തിലാണു രാക്ഷസക്കണവകളുടെയും സ്ഥാനം. ലോകമെമ്പാടും അനേകം നോവലുകളിലൂടെയും സിനിമകളിലൂടെയും ഭീകരജീവിയെന്നു കുപ്രസിദ്ധി നേടിയെന്നതാണ് ഇവയുടെ ഏറ്റവും വലിയ സവിശേഷത.
ഡാൻ ബ്രൗൺ, ആർതർ സി ക്ലാർക്ക് തുടങ്ങിയ വിഖ്യാത എഴുത്തുകാരും രാക്ഷസക്കണവകളെ തങ്ങളുടെ കൃതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.1996ൽ പുറത്തിറങ്ങിയ ബീസ്റ്റ് എന്ന ചിത്രം വലിയ രാക്ഷസക്കണവ ഒരു നഗരത്തിനെ ആക്രമിക്കുന്നതിന്റെ കഥയാണ്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ വലുപ്പവും ഭാരവും ഏറിയ ജീവികളാണ് രാക്ഷസക്കണവകൾ. ഇതുവരെ കിട്ടിയിട്ടുള്ളവയിൽ ഏറ്റവും വലുപ്പമുള്ളതിന് അറുപതടി നീളവും ആയിരം കിലോ ഭാരവുമുണ്ടായിരുന്നു. സമുദ്രാന്തർഭാഗത്തു ജീവിക്കുന്നതിനാൽ ഇവയെപ്പറ്റിയുള്ള പഠനങ്ങൾ കുറവാണ്. അപൂർവമായി തീരത്തടിയുന്ന ഇവയുടെ ശവശരീരങ്ങളിൽ നിന്നാണു കൂടുതലും ശാസ്ത്രജ്ഞർ പഠനം നടത്തുന്നത്. ലോകത്തിലേക്ക് ഏറ്റവും വലിയ കണ്ണുകളുള്ള ജീവിയാണ് ഇവയെന്നു കരുതപ്പെടുന്നു. ഏകദേശം 25 സെന്റിമീറ്ററോളം വ്യാസമുണ്ട് ഇവയുടെ കണ്ണുകൾക്ക്. ആഴക്കടലിൽ തങ്ങളുടെ പ്രധാന വേട്ടക്കാരനായ സ്പേം തിമിംഗലങ്ങളുടെ വരവ് അറിയാനും അവയിൽ നിന്നു രക്ഷ നേടാനും ഈ വലിയ കണ്ണുകള്‍ ഇവയെ സഹായിക്കും.
എട്ടു കൈകളും അവ കൂടാതെ നീണ്ട കൈകൾ പോലെയുള്ള രണ്ടു ഘടനകളും (ടെന്റക്കിൾസ്) ഇവയ്ക്കുണ്ട്. 33 അടിയോളം നീളമുള്ള ടെന്റക്കിൾസ് ഉപയോഗിച്ചാണ് ഇവ ഭക്ഷണം വായിലേക്ക് എടുക്കുന്നത്. മീനുകൾ, കൊഞ്ചുകൾ, കടൽജീവികൾ എന്നിവയെ ഭക്ഷിക്കുന്ന രാക്ഷസക്കണവകൾ ചെറിയ തിമിംഗലങ്ങളെ പോലും തങ്ങളുടെ ഇരയാക്കാറുണ്ട്. എന്നാൽ മനുഷ്യരെ ഇവ ഭക്ഷണമാക്കുമോയെന്ന കാര്യത്തിൽ തീർച്ചയില്ല. മാന്റിൽ എന്ന പ്രത്യേക അവയവം വഴി വെള്ളം ശരീരത്തിലേക്ക് എടുത്ത് പിന്നോട്ട് ശക്തിയിൽ തെറിപ്പിച്ചാണ് ഇവ മുന്നോട്ടു പോകുന്നത്. ലോകത്തുള്ള എല്ലാ സമുദ്രങ്ങളിലും രാക്ഷസക്കണവകളുണ്ട്. എന്നാൽ തെക്കൻ ആഫ്രിക്ക, ഓസ്ട്രേലിയ, വടക്കൻ അമേരിക്ക, യൂറോപ്പ് എന്നിവയ്ക്കു ചുറ്റുമാണ് ഇവ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു. അഞ്ചു വർഷത്തോളമാണ് ഇവയുടെ ജീവിത കാലാവധി. ഒറ്റ പ്രജനനത്തിൽ ലക്ഷക്കണക്കിന് മുട്ടകൾ ഇവ പുറത്തുവിടുമെന്നു പറയുന്നു. എന്നാൽ ഇവയിൽ സിംഹഭാഗവും മറ്റു കടൽജീവികൾക്ക് ഭക്ഷണമാകും.
STORY HIGHLIGHTS: First Photo Ever: The Giant Squid’s Capture and its Amazing Story