Kerala

‘മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യം; സുധാകരനും സതീശനും തമ്മിലുള്ള തർക്കം അവസാനിപ്പിക്കണം’; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിമർശനവുമായി നേതാക്കൾ | kpcc political affairs committee meeting

യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അഭിപ്രായം ഉയർന്നു

തിരുവനന്തപുരം: നിര്‍ണായക കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് വച്ച് നടന്നു. മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യൻ പറഞ്ഞു. മറ്റു നേതാക്കളും ഇക്കാര്യത്തെ പിന്തുണച്ച് വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച തെറ്റായ സന്ദേശം നൽകുമെന്ന വിമര്‍ശനവും ഉയര്‍ന്നു. യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഷ്ട്രീയകാര്യ സമിതിയിൽ അഭിപ്രായം ഉയര്‍ന്നു.

രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചതും സതീശൻ കെപിസിസി നേതൃയോഗത്തിൽ പങ്കെടുക്കാത്തതും അനാവശ്യ വിവാദം സൃഷ്ടിച്ചെന്നും ഇത്തരം വിവാദങ്ങൾ തിരിച്ചടിയാകുമെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കൾ. പരസ്പര ഐക്യം വർദ്ധിപ്പിക്കണം. തർക്കം തെറ്റായ സന്ദേശം നൽകും. യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അഭിപ്രായം ഉയർന്നു.

കെപിസിസി പുനഃസംഘടനയിൽ വ്യക്തമായ നിലപാട് വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ചർച്ചകൾ അനാവശ്യമായി നീട്ടിക്കൊണ്ടു പോകരുത്. പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ കൂട്ടായ തീരുമാനം വേണമെന്നും യോഗത്തിൽ ആവശ്യമുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ നീങ്ങണമെന്നും കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സുധാകരൻ-സതീശൻ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ വിമർശനം. ഓൺലൈനായിട്ട് ആണ് ചെന്നിത്തല പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും തമ്മിലുള്ള തര്‍ക്കം കാരണം ക‍ഴിഞ്ഞ ദിവസം മാറ്റിവച്ച കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വീണ്ടും ചേർന്നപ്പോ‍ഴാണ് ചെന്നിത്തല കടുത്ത വിമർശനമുയർത്തിയത്.

നേരത്തെ, നേതാക്കൾക്കിടയിലെ തർക്കത്തിന്‍റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിലെ അടക്കം ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ ചേർന്ന കെപിസിസി യോഗം പ്രതിപക്ഷ നേതാവ് ബഹിഷ്കരിച്ചിരുന്നു. ഇതിനു പകരമായി യുഡിഎഫ് യോഗം കെ സുധാകരനും ബഹിഷ്‌കരിച്ചു. തുടർന്നാണ് രാഷ്ട്രീയകാര്യസമിതി യോഗവും മാറ്റിവെച്ചത്.

എന്നാൽ, നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ കാരണം പാർട്ടിയിലെയും മുന്നണിയിലെയും പ്രധാന കാര്യങ്ങളിൽ പോലും തീരുമാനമെടുക്കാൻ കഴിയുന്നില്ല എന്ന വിമർശനം ഒരു വിഭാഗം നേതാക്കൾക്കുണ്ട്. വിവാദ വിഷയങ്ങളില്‍ പോലും ഇരു നേതാക്കളും പരസ്പര വിരുദ്ധമായാണ് മറുപടി പറയുന്നത്. ഇതില്‍ മാറ്റം വേണമെന്നാണ് ഹൈക്കമാന്‍റിന്‍റെ നിലപാട്.

CONTENT HIGHLIGHT: kpcc political affairs committee meeting