പ്രകൃതിയൊരുക്കുന്ന വാട്ടർതീം പാർക്ക് ആണ് ആഢ്യൻപാറ വെള്ളച്ചാട്ടം. നിലമ്പൂരിലെത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഇടങ്ങളിലൊന്ന്. മഴ കഴിഞ്ഞുള്ള മാസങ്ങളിൽ ആഢ്യൻപാറ അതീവഹൃദ്യമായ അനുഭവം നൽകും. ടിക്കറ്റെടുത്തു കൗണ്ടറിന്റെ താഴേക്കു നടന്നിറങ്ങാം. വിശാലമായ പാറപ്പുറത്തൂടെയാണ് നീർച്ചാലിൽ എത്തേണ്ടത്. നല്ല ഗ്രിപ് ഉള്ള ചെരുപ്പോ ഷൂവോ വേണം. എങ്ങനെയാണ് ആഢ്യൻപാറ ഒരു പാർക്കിന്റെ അനുഭവം നൽകുന്നത്. ആഢ്യൻപാറ ഒരു വെള്ളച്ചാട്ടമല്ല. ചെറുതും വലുതുമായചെറുവെള്ളച്ചാട്ടങ്ങളുടെയും ക്രിസ്റ്റൽ ക്ലിയർ വെള്ളം ഉൾക്കൊള്ളുന്ന ചെറിയ കുളങ്ങളുടെയും കൂട്ടമാണ്. കാഞ്ഞിരപ്പുഴയുടെ വിവിധഭാവങ്ങൾ ആഢ്യൻപാറയിൽനിന്നു കാണാം. അതിലൂടെ നമുക്കറിയാം എങ്ങനെയാണ് ആഢ്യൻപാറ ഒരു വാട്ടർതീം പാർക്ക് ആകുന്നതെന്ന്.
വിശാലമായ പാറപ്പുറം കടന്നാൽ കാഞ്ഞിരപ്പുഴ ഒരു ചെറിയ അരുവി പോലെയൊഴുകുന്നിടത്തെത്താം. അതിനു മുകളിൽ വിസ്താരമേറിയ ഒരു സ്വിമ്മിങ് പൂൾ പോലെ പുഴ പാറകൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ട്. അതിൽ കുഞ്ഞുകുട്ടികൾക്കും നീന്തൽ അറിയാത്തവർക്കും പേടിയുള്ളവർക്കും ഇറങ്ങാം. ആഴം നോക്കണം. എങ്കിലും പൊതുവേ ഭയരഹിതമായി ഇവിടെ കുളിക്കാം. വൻമരങ്ങൾക്കു താഴെ പാറക്കൂട്ടത്തിലിരുന്നു വർത്തമാനം പറയാം. ഇതാണ് ആഢ്യൻപാറയുടെ സേഫ് സോൺ. അരുവിയൊഴുകുംവഴി താഴേക്കു പോയാൽ ആദ്യത്തെ വാട്ടർസ്പ്ലാഷിൽ എത്തും. കുട്ടികൾക്കുള്ളതാണ് ഈ സ്പ്ലാഷ്. പാറയിലൂടെ ഊർന്ന് ചെറിയ വെള്ളക്കെട്ടിലേക്കിറങ്ങാം. കുട്ടികൾ ഏറെ ഇഷ്ടപ്പെടും ഇവിടെ. രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ ആസ്വദിച്ചു കുളിക്കാം.
പാറയിലുടെ നടക്കുമ്പോൾ സൂക്ഷിക്കേണ്ടത് പക്കുകളെയാണ്. ഒരാളെ മൂടാനുള്ള ആഴമുള്ളതും ഒട്ടുംവീതിയില്ലാത്തതുമായ കുഴികളാണ് പക്കുകൾ. ഇതിൽ അബദ്ധവശാൽ ചാടിയാൽ അപകടമുറപ്പ്. എന്നാൽ നാട്ടുകാരായ ചില വിരുതൻമാർ ആ പക്കുകളിലും ചാടിക്കുളിക്കുന്നുണ്ട്. അതെല്ലാം നമുക്ക് ഒഴിവാക്കാം. ജലമൊഴുകി കിണർവട്ടത്തിൽ ചില കുഴികളുണ്ടായിട്ടുണ്ട്. അതിൽ സാഹസികത കൂടുതൽ വേണമെന്നുള്ളവർക്കു ചാടിക്കുളിക്കാം. സംഘം ചേർന്നു മാത്രമേ ഇവിടെയൊക്കെ ഇറങ്ങാവൂ. പക്കിനടിയിൽ കാൽ കുടുങ്ങി അപകടമുണ്ടായ സന്ദർഭങ്ങളുണ്ട്. ഇങ്ങനെ പലതട്ടിലുള്ള ജലക്രീഡകൾ കണ്ട് അവസാനമാണ് നമ്മൾ ആഢ്യൻപാറയുടെ അസ്സൽ സ്പ്ലാഷ് അനുഭവത്തിലെത്തുക. ഏറ്റവും സാഹസികത കൂടിയതും എന്നാൽ ഏറ്റവും ത്രില്ലിങ് ആയതും ഈ വലിയ വെള്ളച്ചാട്ടത്തിലൂടെയുള്ള ഊർന്നിറങ്ങലാണ്. സ്ത്രീകളും മുതിർന്ന കുട്ടികളും ഇതിലെ അത്യുത്സാഹത്തോടെ ഊർന്നിറങ്ങുന്നുണ്ട്. താഴെ കാഞ്ഞിരപ്പുഴയൊരുക്കുന്ന മരതകക്കുളം. അടിവശം വരെ കാണാവുന്നത്ര സ്ഫടികതുല്യമായ ആ പൂളിലേക്കാണ് സ്പ്ലാഷ് ചെയ്തിറങ്ങുന്നവർ എത്തുക. കാഴ്ച തന്നെ ഉത്സാഹം പകരുന്നതാണ്. ഈ സ്പ്ലാഷും മഴ കുറവുള്ളപ്പോൾ മാത്രം ചെയ്യേണ്ടതാണ്.
ആഢ്യൻപാറയിലേക്കു വെറുതേ വണ്ടിയോടിച്ചു ചെന്നാൽ മതി. കുളിക്കുമ്പോൾ ധരിക്കാനുള്ള വസ്ത്രങ്ങൾ അടക്കം ഇവിടെയുള്ള ചെറുകടകളിൽനിന്നു ലഭിക്കും. പിന്നെ പരീക്ഷിക്കേണ്ടത് അവിൽ മിൽക്ക് ആണ്. അവിലും വെള്ളവും പാലും പിന്നെ ഡ്രൈനട്ട്സും ഇട്ട ഉഗ്രൻ പാനീയം. കുളിച്ചുവരുമ്പോൾ ഒരു അവിൽമിൽക്ക് കഴിച്ചാൽ വിശപ്പ് കാഞ്ഞിരപ്പുഴ കടക്കും. ചാലിയാറിന്റെ പോഷകനദിയാണ് കാഞ്ഞിരപ്പുഴ. കരിമ്പുഴമുക്ക് എന്നിടത്ത് ചാലിയാർ കാഞ്ഞിരപ്പുഴയെ സ്വന്തം ടീമിലേക്കു ചേർക്കും. കുളികഴിഞ്ഞാൽ വീണ്ടും മുകളിലേക്കു ചെന്ന് ആഢ്യൻപാറ ജലവൈദ്യുത പദ്ധതി കൂടി കാണാം. അതിനു വേറെ ടിക്കറ്റുണ്ട്. പക്ഷേ, കാണാതെ പോകരുത്. കാരണം, രാജ്യത്ത് ആദ്യമായിട്ടായിരിക്കും ഒരു ജലവൈദ്യുതപദ്ധതിയുടെ പ്രധാനസ്ഥലങ്ങളെല്ലാം വിനോദസഞ്ചാരികൾക്കു കാണാനായി തുറന്നുകൊടുത്തിരിക്കുന്നത്. കുട്ടികളുടെ പാർക്ക്, കണ്ണാടിഭിത്തികളുള്ള ജനറേറ്റർനിലയം എന്നിങ്ങനെ ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം ഇവിടെ കാണാം. 9.01 മെഗായൂണിറ്റ് ആണ് വാർഷികൾപാദനം. പ്രളയം തകർത്തെറിഞ്ഞുപോയ പുഴയോരത്തിന്റെ കാഴ്ചകൾ കൂടി പകർത്തി തിരികെ മടങ്ങാം.
STORY HIGHLIGHTS: the-beauty-of-adyanpara-waterfalls-in-nilambur