Kerala

ചേന്ദമംഗലത്തെ നടുക്കിയ കൊലപാതകം; പ്രതി ഋതുവിന്റെ വീട് നാട്ടുകാര്‍ തല്ലി തകര്‍ത്തു | locals vandalize the accuseds house

വീടിന് മുന്നില്‍ നിന്നും നാട്ടുകാരെ മാറ്റി

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിന്റെ വീട് നാട്ടുകാര്‍ തല്ലി തകര്‍ത്തു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെത്തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി. ഇതിന് ശേഷമാണ് വീടിന് മുന്നില്‍ നിന്നും നാട്ടുകാരെ മാറ്റിയത്. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയാണ് റിതു. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ജിതിൻ നിലവിൽ ചേന്ദമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപ്പിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു റി​തു ജയന്‍റെ വാദം. കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുൻപായിരുന്നു നാട്ടിൽ എത്തിയത്.

ആക്രമണം നടത്തുന്ന സമയത്ത് ഇയാൾ മദ്യമോ ലഹരിയോ ഉപയോഗിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. മാനസികപരമായി പ്രശന്ങ്ങൾ നേരിടുന്ന വ്യക്തിയല്ല ഇയാളെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. ജിതിനെ റിതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറ‍ത്തിറങ്ങിവന്നത്. വിനീഷയെ അടിച്ച് വീഴത്തിയ ശേഷം പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. നാല് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണുവും ഉഷയും വിനീഷയും മരണപ്പെട്ടിരുന്നു.

റിതു സ്ഥിരം ശല്യക്കാരനാണെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. രാത്രി സമീപത്തെ വീടുകളുടെ ടെറസില്‍ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമാണ് റിതുവിനെതിരെ ഉയർന്ന ആരോപണം. റിതു പരിസവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു