സഞ്ചാരികളെ സ്വാഗതം ചെയ്ത് മൂന്നാര്‍ പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടം.മൂന്നാര്‍ മേഖലയിലെ വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും മനോഹരമാണ് ആറ്റുകാട്. പ്രദേശത്ത് മഴ ശക്തമായതോടെ സജീവമായ വെള്ളച്ചാട്ടം കാണാന്‍ ഒട്ടേറെ സന്ദര്‍ശകരാണെത്തുന്നത്. മൂന്നാര്‍ ടൗണില്‍നിന്ന് എട്ട് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പള്ളിവാസല്‍ ഫാക്ടറി ജങ്ഷനില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം. മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാമില്‍നിന്ന് പുറംതള്ളുന്ന വെള്ളമാണ് മുതിരപ്പുഴയാറിലൂടെ ആറ്റുകാട് എത്തുന്നത്. ആറിന് കുറുകെ നിര്‍മിച്ച പാലത്തില്‍നിന്ന് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കും. 200 അടി ഉയരമുള്ള പാറക്കെട്ടില്‍നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്.
വെള്ളച്ചാട്ടത്തിന് തൊട്ടടുത്തുവരെ റോഡ്സൗകര്യമുള്ളതുകൊണ്ട് സന്ദര്‍ശകര്‍ക്ക് വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. സീസണ്‍ സമയങ്ങളില്‍ നിരവധി സഞ്ചാരികളാണ് ആറ്റുകാട് വെള്ളച്ചാട്ടം കാണാനെത്തുന്നത്. സന്ദര്‍ശകര്‍ പുഴയില്‍ ഇറങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. 10 വര്‍ഷത്തിനിടെ എട്ട് വിനോദസഞ്ചാരികള്‍ ഇവിടെ മരിച്ചിട്ടുണ്ട്. വഴുക്കലുള്ള പാറക്കെട്ടുകള്‍ ഉള്ളതിനാല്‍ പുഴയില്‍ ഇറങ്ങുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
STORY HIGHLIGHTS: Attukadu Falls with breathtaking views of the tourists