India

സെയ്ഫ് അലിഖാനെ കുത്തിയ പ്രതിയ്ക്കായി ഹാജരാവാൻ ഒരുങ്ങിയത് രണ്ട് അഭിഭാഷകർ; കോടതിയില്‍ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ, ഒടുവിൽ | saif ali khan case court

ഷെഹ്‌സാദിനുവേണ്ടി ആര് ഹാജരാവും എന്നതില്‍ ആശയക്കുഴപ്പമായി

ബോളിവുഡ് താരമായ സെയ്ഫ് അലിഖാനെ കുത്തിയ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹസാദിനായി ഹാജരാവാൻ ഒരുങ്ങിയത് രണ്ട് അഭിഭാഷകർ. ഞായറാഴ്ച ബാന്ദ്രയിലെ കോടതിയില്‍ ആണ് സിനിമകളിൽപോലും കാണാത്ത തരം കാര്യങ്ങൾ അരങ്ങേറിയത്. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് ബാന്ദ്രയിലെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഞായറാഴ്ച ഉച്ചയോടെ ഹാജരാക്കി. ഈ സമയത്തായിരുന്നു നാടകീയ സംഭവങ്ങള്‍.

കോടതിയിലെത്തിച്ച പ്രതിയോട്, പോലീസിനെതിരായി എന്തെങ്കിലും പരാതിയുണ്ടോയെന്ന് മജിസ്‌ട്രേറ്റ് ചോദിച്ചു. ഇല്ലെന്നായിരുന്നു പ്രതിയുടെ മറുപടി. ഇതോടെ ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദിനോട് കോടതിയിലെ പ്രതിക്കൂട്ടിലേക്ക് കയറി നല്‍ക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ, ഷെഹ്‌സാദിനുവേണ്ടി ഹാജരാവുന്നു എന്ന് അവകാശപ്പെട്ട് ഒരു അഭിഭാഷകന്‍ മുന്നോട്ടുവന്നു. തുടര്‍ന്നാണ് കോടതിയേത്തന്നെ അത്ഭുപ്പെടുത്തിക്കൊണ്ടുള്ള സംഭവങ്ങള്‍ അരങ്ങേറിയത്.

ആദ്യം വന്ന അഭിഭാഷകന്‍ ഷെഹ്‌സാദില്‍നിന്ന് വക്കാലത്ത് ഒപ്പിട്ടുവാങ്ങാനായി മുന്നോട്ടുനീങ്ങി. ഇതിനിടെ തിടുക്കത്തിലെത്തിയ മറ്റൊരു അഭിഭാഷകന്‍ പ്രതിക്കൂട്ടിനടുത്തേക്കെത്തി. ഞൊടിയിടയില്‍ തന്നെ ഇയാള്‍ വക്കാലത്തില്‍ ഷെഹ്‌സാദിന്റെ ഒപ്പ് വാങ്ങി. ഇതോടെ കേസില്‍ ഷെഹ്‌സാദിനുവേണ്ടി ആര് ഹാജരാവും എന്നതില്‍ ആശയക്കുഴപ്പമായി.

പ്രശ്‌നത്തില്‍ ഇടപെട്ട മജിസ്‌ട്രേറ്റ് പ്രതിക്കുവേണ്ടി രണ്ടുപേര്‍ക്കും വാദിക്കാം എന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. ഇരുവരും അംഗീകരിച്ചു. ഇതോടെ കോടതി വീണ്ടും റിമാന്‍ഡ് നടപടികളിലേക്ക് നീങ്ങി. പ്രതിയെ കോടതി അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സന്ദീഷ് ഷേഖനെ, ദിനേശ് പ്രജാപതി എന്നിവരാണ് പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകർ.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.

കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന്‍ രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കംചെയ്തത്.