ടെൽ അവീവ്: ഹമാസ് മോചിപ്പിച്ച മൂന്നുപേർ ജന്മനാട്ടിൽ തിരിച്ചെത്തി. ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരാണ് ഇസ്രയേലിലെത്തിയത്. ഹമാസ് റെഡ് ക്രോസിനു കൈമാറിയ യുവതികളെ ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് ഇസ്രയേല്‍ അതിര്‍ത്തിയിലെത്തിച്ചത്. തുടര്‍ന്ന് ടെല്‍ അവീവിലെത്തിച്ചു. 471 ദിവസത്തെ തടവറവാസത്തിന് ശേഷമാണ് മൂവരും നാട്ടിലെത്തിയത്.
ഗാസ സ്ക്വയറിലെത്തി റെഡ്ക്രോസ് ഉദ്യോഗസ്ഥരാണ് യുവതികളെ ഏറ്റുവാങ്ങിയത്. തുടർന്ന് നെറ്റ്സരിം ഇടനാഴിയിൽവച്ച് റെഡ്ക്രോസ് സംഘം ഇവരെ ഇസ്രയേൽ സൈന്യത്തെ ഏൽപ്പിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് റെഡ്ക്രോസ് അറിയിച്ചതായി ഇസ്രയേൽ വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിലെത്തിച്ച മൂന്നുപേരെയും പരിശോധനകൾക്ക് വിധേയരാക്കി. ഇസ്രയേൽ–ഗാസ അതിർത്തിയിലെത്തിയ യുവതികളെ സ്വീകരിക്കാൻ അവരുടെ അമ്മമാരും എത്തിയിരുന്നു.
മടങ്ങിയെത്തുന്ന മൂവരെയും സ്നേഹത്തോടെ സ്വീകരിക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു. ബാക്കിയുള്ള എല്ലാ ബന്ദികളെയും കാണാതായവരെയും തിരികെയെത്തിക്കാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിൽ പറയുന്നു. ബന്ദികളെ ഇസ്രയേൽ സൈന്യത്തിനു കൈമാറിയ വാർത്തയറിഞ്ഞതോടെ ഇസ്രയേലിൽ ആഹ്ലാദപ്രകടനങ്ങൾ നടന്നു.
2023 ഒക്ടോബർ 7ന് ഇസ്രയേൽ അതിർത്തി കടന്നു നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് 251 പേരെ ഹമാസ് ബന്ദികളാക്കി തട്ടിക്കൊണ്ടുപോയത്. അന്നു നടന്ന വെടിവയ്പ്പിൽ ഡോറോനും എമിലിക്കും റോമിക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. മൂന്നു പേരെ മോചിപ്പിച്ചതിനു പകരമായി ഇസ്രയേലിൽ തടവിലുള്ള 90 പലസ്തീൻകാരെയും ഇന്നു മോചിപ്പിക്കും.
CONTENT HIGHLIGHT: three return to homeland celebrate at border israel