World

ഗസ്സയിൽ ഇന്ന്​ വെടിയൊച്ചകൾ നിലച്ച പ്രത്യാശയുടെ പ്രഭാതം

തെല്‍ അവിവ്: 15 മാസങ്ങൾക്കിപ്പുറം ഗസ്സയിൽ ഇന്ന്​ വെടിയൊച്ചകൾ നിലച്ച പ്രത്യാശയുടെ പ്രഭാതം. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഹമാസ്​ വിട്ടയച്ച 3 വനിതാ ബന്ദികൾ ഇസ്രായേലിലെത്തി. ഇതിനു പകരമായി ഇസ്രായേൽ തടവറകളിലുള്ള 90 ഫലസ്തീനികളെ മോചിപ്പിച്ചു. ഇവരെ കൈമാറുന്നതിനായി ബസുകളിൽ കൊണ്ടുപോയി.

ഹമാസ് വിട്ടയച്ച മൂന്നു വനിത ബന്ദികൾ ഇസ്രായേലിൽ എത്തി മണിക്കൂറുകൾ പിന്നിട്ടാണ്​ പകരം വിട്ടയക്കേണ്ട ഫലസ്തീൻ തടവുകാരുടെ മോചന നടപടികൾക്ക്​ തുടക്കമായത്​. വനിതാ ബന്ദികളായ ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നീ യുവതികളെ തെൽ അവീവിലെ ഷെബ മെഡിക്കൽ സെന്‍ററിൽ പരിശോധനക്കായി എത്തിച്ചു. ഗസ്സ സിറ്റിയിലെ സറയ ചത്വരത്തിൽ തോക്കുകളേന്തി വാഹനങ്ങളിലെത്തിയ അൽ ഖസ്സാം പോരാളികളാണ്​ മൂന്ന്​ പേരെയും റെഡ് ​ക്രോസ്​ സംഘത്തിന്​ കൈമാറിയത്​. ചത്വരത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടം മുദ്രാവാക്യങ്ങളോടെയാണ് ഖസ്സാം പോരാളികളെ വരവേറ്റത്. യുവതികൾ പൂർണ ആരോഗ്യവതികളാണെന്ന് റെഡ് ക്രോസ് അറിയിച്ചു.

രാത്രി വൈകിയാണ്​ ഫലസ്തീൻ തടവുകാരെ വിട്ടയക്കാനുള്ള നടപടിക്രമങ്ങൾക്ക്​ ഇസ്രായേൽ തുടക്കം കുറിച്ചത്​. ഇസ്രായേൽ തടവറക്കു മുന്നിൽ കാത്തുനിന്ന ഫലസ്തീൻ ബന്​ധുക്കൾക്ക്​ നേരെ സുരക്ഷാ സേന ബലപ്രയോഗവും നടത്തി. വെടിനിർത്തലിന്‍റെ ഏഴാം നാളിലാണ്​ അടുത്ത ബന്ദി കൈമാറ്റം. ആ ദിവസം നാലു ബന്ദികളെ ഹമാസ്​ കൈമാറണം എന്നാണ്​ കരാർ. ഇസ്രായേൽ പിൻമാറിയ ഗസ്സ പ്രദേശങ്ങളുടെ നിയന്ത്രണം ഹമാസ്​ ഏറ്റെടുത്തു. വടക്കൻ ഗസ്സയിലെയും മറ്റും തങ്ങളുടെ താമസ സ്ഥലങ്ങൾ തേടി​ പതിനായിരങ്ങളാണ്​ ഒഴുകുന്നത്.

ആക്രമണം പുനാരംഭിക്കാൻ മടിക്കില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി ​ബിന്യമിൻ നെതന്യാഹുവിന്‍റെ മുന്നറിയിപ്പ്​ സൃഷ്​ടിച്ച ആശങ്കക്കിടയിലും മൂന്നു ഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാർ നടപ്പാക്കാൻ എല്ലാ നീക്കവും തുടരുമെന്ന്​ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്​തും അറിയിച്ചു. കരാർ നടപ്പാക്കാൻ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ടെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ​ജോ ബൈഡൻ പ്രതികരിച്ചു. യൂറോപ്യൻ യൂണിയനും വിവിധ രാജ്യങ്ങളും കരാർ നടപ്പാക്കിയതിനെ സ്വാഗതം ചെയ്തു. ഗസ്സയിലേക്ക്​ സഹായവസ്തുക്കളുമായി നിത്യം 700 ട്രക്കുകൾ വീതം അയക്കുമെന്ന്​ അമേരിക്ക അറിയിച്ചു.