വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് പദവിയിൽ ജോ ബൈഡന്റെ അവസാന മണിക്കൂറുകൾ, തണുത്തുറഞ്ഞ നട്ടുച്ചയ്ക്ക് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം. യുഎസ് തലസ്ഥാനമായ വാഷിങ്ടൻ ഡിസി ഇന്നു പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന്റെയും ലോകമെമ്പാടുനിന്നുമുള്ള വിവിഐപികളുടെ സാന്നിധ്യത്തിന്റെയും ആഘോഷപൂർണമായ തിരക്കിലമരും. യുഎസിന്റെ 47–ാം പ്രസിഡന്റായി അടുത്ത 4 വർഷം ഭരിക്കാൻ പോകുന്ന ട്രംപും അദ്ദേഹത്തിനൊപ്പം വൈസ് പ്രസിഡന്റാകുന്ന ജെ.ഡി.വാൻസും വാഷിങ്ടന്‍ ഡിസിയിൽ ഇന്ന് ഉച്ചയ്ക്ക് 12ന് ആണ് അധികാരമേൽക്കുന്നത്.
ശൈത്യക്കാറ്റു മൂലം അപകടകരമായിത്തീർത്ത കാലാവസ്ഥ പരിഗണിച്ച് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ. അധികാരമേറ്റുറ്റുള്ള ട്രംപിന്റെ പ്രസംഗം, ഒപ്പുചാർത്തൽ, പെൻസിൽവേനിയ അവന്യൂവിലെ പരേഡ്, കലാവിരുന്ന് എന്നിങ്ങനെ പരിപാടികളാണ് ഇന്നു നടക്കുക. സ്ഥലപരിമിതി മൂലം അകത്തെ വേദിയിൽ ഇടംകിട്ടാതെ പോകുന്ന അതിഥികൾക്കെല്ലാം ചടങ്ങു തത്സമയം കാണാൻ സൗകര്യമുണ്ട്.
നവംബറിലെ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ഫ്ലോറിഡയിലെ വസതിയിൽത്തന്നെ തങ്ങുകയായിരുന്ന ട്രംപും ഭാര്യ മെലനിയയും മകൻ ബാരൺ ട്രംപും ഇന്നലെ വാഷിങ്ടൻ ഡിസിയിൽ തിരിച്ചെത്തി. വാൻസും ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ചിലുകുറിയും അതിനുമുൻപു തന്നെ വാഷിങ്ടനിലെത്തി. ഉറ്റമിത്രമായ പേപാൽ മുൻ സിഇഒ പീറ്റർ ടീലിന്റെ വസതിയിൽ ടെക് പ്രമുഖർക്കായി ഒരുക്കിയ വിരുന്നിലും വാൻസ് പങ്കെടുത്തു. വെടിക്കെട്ട് ഉൾപ്പെടെ ആഘോഷപരിപാടികൾ ഇന്നലെയാരംഭിച്ചു.
2020ൽ റിയൽ എസ്റ്റേറ്റ് രംഗത്തുനിന്നു രാഷ്ട്രീയത്തിലെത്തിയ ശതകോടീശ്വരൻ ട്രംപ് ഒന്നാം ഭരണകാലത്തെന്നപോലെ ഇത്തവണയും പ്രവചനാതീത നീക്കങ്ങളുമായി അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ചേക്കാം. ഭരണമേറ്റ ശേഷമുള്ള ഒന്നാം ദിവസം 100 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിടുമെന്നാണു റിപ്പോർട്ടുകൾ. അനധികൃത കുടിയേറ്റക്കാരുടെ നിയന്ത്രണാതീതമായ വർധനയ്ക്കു തടയിടാനും വിലക്കയറ്റം പിടിച്ചുനിർത്താനുമുൾപ്പെടെ അടിയന്തര നടപടികളാണ് ആദ്യമണിക്കൂറുകളിൽത്തന്നെ പ്രതീക്ഷിക്കുന്നത്.