ന്യൂഡൽഹി: വിളകളുടെ താങ്ങുവിലയ്ക്കു നിയമപരിരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഉപവാസസമരം നടത്തുന്ന പഞ്ചാബിലെ കർഷകരുമായി ചർച്ചയ്ക്കു തയാറെന്ന് കേന്ദ്രസർക്കാർ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അടുത്ത മാസം 14ന് വൈകിട്ട് 5ന് ചണ്ഡിഗഡിലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനിലാണു ചർച്ച നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്ര കൃഷിമന്ത്രാലയം ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംയുക്ത കിസാൻ മോർച്ച കൺവീനർ ജഗ്ജിത് സിങ് ദല്ലേവാളും മറ്റു കർഷകപ്രതിനിധികളുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. കഴിഞ്ഞ വർഷം ഫെബ്രുവരി 8, 12, 15, 18 തീയതികളിൽ കേന്ദ്രസർക്കാരും കർഷകനേതാക്കളുമായി ചർച്ചകൾ നടന്നെങ്കിലും എല്ലാം പരാജയമായിരുന്നു.
കേന്ദ്രം ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചതോടെ, മരണം വരെയുള്ള ഉപവാസസമരത്തിലേർപ്പെട്ടിരുന്ന ദല്ലേവാൾ ചികിത്സാസഹായം സ്വീകരിക്കാൻ തയാറായി. എന്നാൽ, കഴിഞ്ഞ 54 ദിവസമായി നടത്തിവന്ന ഉപവാസം അവസാനിപ്പിക്കാൻ തയാറായില്ല. താങ്ങുവിലയ്ക്കു നിയമപരിരക്ഷ ഏർപ്പെടുത്താനുള്ള നടപടിയുണ്ടാകുന്നതുവരെ ഉപവാസസമരത്തിൽനിന്നു ദല്ലേവാൾ പിന്മാറില്ലെന്ന് കർഷകനേതാവ് സുഖ്ജീത് സിങ് ഹർദോഝാണ്ഡെ അറിയിച്ചു. ദല്ലേവാളിനു പിന്തുണ പ്രഖ്യാപിച്ച് ഉപവാസസമരത്തിലിരുന്ന 121 കർഷകർ ഉപവാസം അവസാനിപ്പിച്ചു. നവംബർ 26നാണ് ദല്ലേവാൾ ഉപവാസം ആരംഭിച്ചത്. ഉപവാസത്തെത്തുടർന്നു ദല്ലേവാളിന്റെ ശരീരഭാരം 20 കിലോഗ്രാം കുറഞ്ഞതായി നേതാക്കൾ അറിയിച്ചു.