India

ആർജി.കർ മെഡിക്കൽ കോളജിലെ ബലാത്സംഗക്കൊല; മകന് അർഹമായ ശിക്ഷ നൽകണമെന്ന് സഞ്ജയിന്റെ അമ്മ

കൊൽക്കത്ത: ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ മകന് അർഹമായ ശിക്ഷ നൽകണമെന്ന് പ്രതി സഞ്ജയ് റോയിയുടെ അമ്മ. മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വധശിക്ഷയുൾപ്പെടെ ഏതു ശിക്ഷ ലഭിച്ചാലും അതംഗീകരിച്ച് തനിയെ കരയുമെന്നും സഞ്ജയ് റോയിയുടെ അമ്മ മാലതി റോയ് പറഞ്ഞു. 3 പെൺമക്കളുടെ കൂടി അമ്മയായ തനിക്കു കുറ്റത്തിന്റെ കാഠിന്യം ശരിക്കറിയാമെന്നും അവർ പറഞ്ഞു. പ്രതിയുടെ മൂത്ത സഹോദരിയും സമാന പ്രതികരണം നടത്തിയിരുന്നു. സഞ്ജയ് ഒറ്റയ്ക്കല്ല കുറ്റം ചെയ്തതെന്ന റിപ്പോർട്ടുണ്ടായിരുന്നുവെന്നും കൂടുതൽ അന്വേഷണത്തിലൂടെ അതു കണ്ടെത്തി അവർക്കും അർഹമായ ശിക്ഷ നൽകണമെന്നും അവർ പറഞ്ഞു.