കൂത്താട്ടുകുളം: സിപിഎം കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയി ഏരിയ കമ്മിറ്റി ഓഫിസിൽ തടഞ്ഞുവച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 4 കേസുകൾ റജിസ്റ്റർ ചെയ്തു. കല രാജുവിന്റെ മക്കൾ നൽകിയ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സിപിഎം ഏരിയ സെക്രട്ടറി പി.ബി.രതീഷ്, നഗരസഭാധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവരുൾപ്പെടെ 45 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനു നഗരസഭ പ്രതിപക്ഷ പാർട്ടി നേതാവ് പ്രിൻസ് പോൾ ജോൺ, കൗൺസിലർമാരായ പി.സി.ഭാസ്കരൻ, ബോബൻ വർഗീസ്, അനൂപ് ജേക്കബ് എംഎൽഎ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ എന്നിവർ ഉൾപ്പെടെ 40 പേർക്കെതിരെയും യുഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം കൂത്താട്ടുകുളം ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജിനെ ഒന്നാം പ്രതിയാക്കി 25 പേർക്കെതിരെയും കേസെടുത്തു.
നഗരസഭാധ്യക്ഷ വിജയ ശിവനെ മർദിക്കുകയും മാനഹാനി വരുത്തുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തെന്ന പരാതിയിൽ എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ്, കൗൺസിലർ ബോബൻ വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ എന്നിവർ ഉൾപ്പെടെ 50 പേരെ പ്രതികളാക്കി കേസെടുത്തു.
കൗൺസിലർ കല രാജു എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈക്കോടതി സംരക്ഷണം നൽകാൻ ആവശ്യപ്പെട്ടിട്ടും പൊലീസ് വീഴ്ച വരുത്തിയെന്ന പരാതിയിൽ അന്വേഷണത്തിനു റൂറൽ എസ്പി നിർദേശം നൽകി. അതിനിടെ, കല രാജുവിനെ യുഡി എഫ് ആണു തട്ടിക്കൊണ്ടുപോയതെന്നും 4 ദിവസമായി അവരെക്കുറിച്ചു വിവരമുണ്ടായിരുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പറഞ്ഞു. കൗൺസിലറെ തട്ടിക്കൊണ്ടു പോയ സാഹചര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച് വീണ്ടും അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് അവസരം തേടുമെന്നു യുഡിഎഫ് അറിയിച്ചു. കൗൺസിലറെ തട്ടിക്കൊണ്ടു പോയതിന് എതിരെ യുഡിഎഫ് ഇന്നു 4.30നു പ്രതിഷേധ യോഗം ചേരും.