India

ജമ്മു കശ്മീരില്‍ അജ്ഞാത രോഗം കാരണം മരിച്ചവരുടെ എണ്ണം 17 ആയി; പ്രത്യേക സംഘത്ത അയച്ച് കേന്ദ്രആഭ്യന്തര മന്ത്രാലയം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അജ്ഞാത രോഗം കാരണം മരിച്ചവരുടെ എണ്ണം 17 ആയി. 15കാരിയായ യാസ്മീനാണ് ഏറ്റവും ഒടുവില്‍ മരിച്ചത്. രജൗരി ജില്ലയിലെ ബദല്‍ ഗ്രാമത്തിലാണ് അജ്ഞാത രോഗം പടരുന്നത്. നാല്‍പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ദുരൂഹ’ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) രൂപീകരിച്ച വിദഗ്ധ സംഘം ഞായറാഴ്ച ജമ്മു കശ്മീരിലെത്തി.

അസുഖത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും സമ്പൂര്‍ണ ജാഗ്രതയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സർക്കാർ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. മരണങ്ങളുടെ വിശദീകരിക്കാനാകാത്ത സ്വഭാവം ആശങ്കാജനകമാണ്. രോഗകാരണം കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. പ്രശ്നം പരിഹരിക്കാന്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

അതേസമയം അജ്ഞാത രോഗം കാരണം ആളുകള്‍ മരിക്കുന്നതും രോഗബാധിതരാവുന്നതും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രോഗ കാരണം വ്യക്തമല്ലെന്നും ഇതുവരെ രോഗബാധിതരായത് ഒരു ഗ്രാമത്തിലെ മൂന്ന് വീടുകളിലെ ആളുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരസ്പര ബന്ധമുള്ള മൂന്ന് കുടുംബങ്ങളാണ് ഇവരെന്നും രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ അപര്യാപ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല.