ആരോഗ്യപരമായ ശരീരം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ശരീരഭാരം കുറയ്ക്കാൻ ഡയറ്റിങ്ങും, വ്യായാമവുമായി എന്തെല്ലാം മാർഗ്ഗങ്ങളാണ് നമ്മൾ പരീക്ഷിക്കുന്നത്. എന്നാൽ കുറച്ചുനാളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് 30-30-30 ഡയറ്റ് പ്ലാൻ. വ്യായാമത്തെയും ഭക്ഷണക്രമത്തെയും സംയോജിപ്പിക്കുന്ന രീതിയാണ് 30-30-30 ഡയറ്റ് പ്ലാൻ.
ദിവസവും ഉറക്കമുണർന്ന് 30 മിനിറ്റ് നടത്തം, 30 മിനിറ്റ് വ്യായാമം , 30 ഗ്രാം പ്രോട്ടീൻ എന്നതാണ് ഈ രീതികൊണ്ട് ഉദ്ദേശിക്കുന്നത്. പേശികളെ സംരക്ഷിക്കാനും, ദിവസം മുഴുവൻ എനർജിയോടെ നിൽക്കാനും, ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായകരമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആരോഗ്യത്തിന് നല്ലതാണോ എന്ന സംശയം പലർക്കും ഉണ്ടാകും എന്നാൽ ന്യുട്രീഷനിസ്റ്റായ ലവ്‌നീത് ബത്രയുടെ അഭിപ്രായ പ്രകാരം ഇത് നൂറുശതമാനം ഫലപ്രദമാണ്.
ഉറക്കമുണർന്ന ഉടൻ പ്രഭാത ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. പ്രഭാതഭക്ഷണം നേരത്തെ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും ദിവസം മുഴുവൻ ഊർജം നിലനിർത്താനും സഹായിക്കും. അതിനാൽ 30 ഗ്രാം പ്രോട്ടീൻ കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും, പേശികളെ ബലപ്പെടുത്താനും സഹായിക്കുന്നു.
ഇതിനോടൊപ്പം ദിനചര്യയിൽ 30 മിനിറ്റ് വ്യായാമവും ഉൾപ്പെടുത്തണം. ഇത് ശരീരത്തിലെ കലോറി ബേൺ ചെയ്യാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നടത്തം, ഓട്ടം, സൈക്ലിംഗ് പോലുള്ള എയ്റോബിക് വ്യായാമങ്ങളും, ജിമ്മിൽ ഉള്ള വർക്ഔട്ടുകളും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ ഫലപ്രദമാണ്.
30-30-30 ഡയറ്റിന്റെ മറ്റൊരു പ്രയോജനം ഒരു ആരോഗ്യകരമായ ശീലം സ്വായത്തമാക്കുമെന്നുള്ളതാണ്. പ്രൊട്ടീന്‍ ഭക്ഷണവും 30 മിനിറ്റ് നിത്യമുള്ള വ്യായാമവും തീര്‍ച്ചയായും ശരീരത്തിന് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ചുരുക്കത്തില്‍ ഫലം ഉറപ്പുനല്‍കാനാകില്ലെങ്കിലും 30-30-30 ഡയറ്റില്‍ അനുവര്‍ത്തിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് അപകടങ്ങളൊന്നുമില്ല.