12 വർഷം പെട്ടിയിൽ കിടന്ന സിനിമ, പിന്നീട് തിയേറ്ററുകളിലെത്തിയപ്പോൾ സൂപ്പർ ഹിറ്റ്. വിശാൽ നായകനായ മദ ഗജ രാജ എന്ന സിനിമയാണ് തമിഴ്നാട്ടിൽ സൂപ്പര്‍ഹിറ്റായി മുന്നേറുന്നത്. വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് മദ ഗജ രാജ. കഴിഞ്ഞ കുറച്ച് നാളുകളായി മോശം സിനിമകളുമായി പരാജയത്തിലായിരുന്ന വിശാലിന്റെ തിരിച്ചുവരവ് കൂടിയാണ് മദ ഗജ രാജ. ബോക്സ് ഓഫീസിലും ചിത്രം വലിയ കുതിപ്പാണ് നടത്തുന്നത്.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം 33.10 കോടിയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. അതേസമയം ആഗോള കളക്ഷൻ കൂടി ചേർത്തുവെക്കുമ്പോൾ ചിത്രത്തിന്റെ കളക്ഷൻ 38.6 കോടിയായി ഉയരും. മികച്ച കളക്ഷനാണ് ഓരോ ദിവസവും സിനിമക്ക് ലഭിക്കുന്നത്.
ആദ്യ ദിനം മൂന്ന് കോടി സ്വന്തമാക്കിയ ചിത്രം പിന്നീടുള്ള ദിവസങ്ങളിൽ ആറ് കോടിയോളം നേടി ഞെട്ടിച്ചു. 15 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ വലിയ ലാഭമാണ് നിർമാതാക്കൾക്ക് കാത്തിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
12 വർഷത്തോളം റിലീസ് മുടങ്ങിയിരുന്ന ഒരു ചിത്രം ബോക്സ് ഓഫീസിൽ വലിയ പ്രതികരണം നേടുന്നത് കോളിവുഡ് സിനിമാപ്രേമികളെ അത്ഭുതപ്പടുത്തുകയാണ്. മദ ഗജ രാജയിലെ സന്താനത്തിന്റെ കോമഡിക്കും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. രണ്ടാം പകുതിയിലെ കോമഡി സീനുകൾ സിനിമയുടെ പ്രത്യേകതയാണെന്നും വിശാലിന്റെ ഫൈറ്റുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.
അഞ്ജലി, സന്താനം, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് മദ ഗജ രാജയിൽ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ജെമിനി ഫിലിം സർക്യൂട്ട് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് റിച്ചാർഡ് എം നാഥൻ ആണ്. എഡിറ്റിംഗ് പ്രവീൺ കെ എൽ, എൻ ബി ശ്രീകാന്ത്.