നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള വമ്പൻ റോഡ്- മേൽപ്പാല നിർമ്മാണ പദ്ധതിക്ക് കരാറായെന്ന് ദുബായ് അറിയിച്ചു. പതിമൂന്നര കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന് 150 കോടി ദിർഹം ചെലവ് വരുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്പോർട് അതോരിറ്റി അറിയിച്ചു.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനേയും എമിറേറ്റ്സ് റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന അൽ ഫായ് റോഡ് വികസന പദ്ധതിയാണ് റോഡ്‌സ് ആൻ്റ് ട്രാൻസ്പോർട് അതോറിറ്റി പ്രഖ്യാപിച്ചത്. ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ വിവിധ ഇൻ്റർസെഷനുകളിലായാണ് റോഡുവികസനം സാധ്യമാക്കുന്നത്. പതിമൂന്നര കിലോമീറ്റർ മേൽപ്പാലവും പതിമൂന്ന് കിലോമീറ്ററോളം നീളത്തിൽ റോഡും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും എന്നാണ് പ്രഖ്യാപകനം.
അൽഖയിൽ റോഡ്, ജെവിസി, പ്രൊഡക്ഷൻ സിറ്റി, സ്പോർട്‌സ് സിറ്റി എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന വിധത്തിലാകും മേൽപ്പാലങ്ങൾ ഒരുക്കുക. ആദ്യഘട്ടം 2027ലും രണ്ടാംഘട്ടം 2028ലും പൂർത്തിയാക്കുമെന്ന് ആർടിഎ വ്യക്തമാക്കി. നിർമാണം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 64,400 വാഹനങ്ങൾക്ക് കടന്നുപോകാനാകും. ആറ് ലക്ഷത്തോളം പേർക്ക് ആശ്വാസമാകുന്ന വിധത്തിലാണ് റോഡുകളുടേയും മേൽപ്പാലത്തിൻ്റെയും നിർമ്മാണം. കിഴക്കൻ ദുബായിയുടെ വികസന പദ്ധതികളുടെ ഭാഗമായാണ് റോഡ് നിർമാണമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി ചെയർമാൻ മതാർ അൽ തായിറും അറിയിച്ചു.